ആലുവ: മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പോലീസ് പിടിയിൽ. ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച്ചേരിൽ ആദിൽ യാസിൻ (20), മേച്ചേരിൽ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പിടികൂടിയത്. ഒറീസയിൽ നിന്ന് വാങ്ങി തീവണ്ടി മാർഗമാണ് ഇവർ ആലുവയിലെത്തിയത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് വിൽപ്പന. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ചെറിയെ പൊതികളാക്കിയാണ് കച്ചവടം.
പിടിയിലായവർ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരും വിൽപ്പനക്കാരുമാണ്. കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ നിന്നും കാറിൽ കടത്തിയ 150 ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. പെരുമ്പാവൂർ ചേലാമറ്റം സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റും ചെയ്തിരുന്നു.
നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി.ഷംസ്, ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ് ഐ എസ.എസ്.ശ്രീലാൽ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.