ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയയ്ക്കുമെന്നാണ് ചക്രപാണി അറിയിച്ചത്.
ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാര്‍ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനില്‍ ആളുകള്‍ പോയി ജിഹാദ് ചെയ്യുകയും ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്നതിനുമുന്‍പ് തന്നെ ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്നാണ് ചക്രപാണിയുടെ ആവശ്യം.
ഭാവിയില്‍ ചന്ദ്രനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമായാല്‍ ശിവശക്തി പോയിന്റില്‍ ശിവ, പാര്‍വതി, ഗണേശ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ഭഗവാന്‍ ശിവന്റെ തലയില്‍ ചന്ദ്രന്‍ തിളങ്ങുന്നത് അതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തെ ശിവശക്തി പോയിന്റ് എന്ന് വിശേഷിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.