ആലുവ: കൈയെഴുത്ത് മാസികകൾ കാലഹരണപ്പെട്ട കാലത്ത് കൈയെഴുത്തിന്റെ മനോഹാരിത ഒട്ടും ചോരാതെ എഴുത്തു മാസികയുമായി ആലുവ പോലീസ് ലൈബ്രറി. കാലിഡോസ്കോപ്പ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെപ്രകാശനം പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സേതു നിർവ്വഹിച്ചു. കൈയെഴുത്ത് മാസിക സമ്മാനിക്കുന്നത് ഗൃഹാതുരത നിറഞ്ഞ ഒരു കാലത്തിന്റെ സാഹിത്യ ഓർമ്മകളാണെന്ന് സേതു പറഞ്ഞു. കഥയും, കവിതയും, ലേഖനങ്ങളും , അനുഭവക്കുറിപ്പുകളും ചിത്രങ്ങളുടെ അകമ്പടിയോടെ പോയൊരു കാലത്തിലേക്കാണ് തിരിച്ചു പോക്കാണ് നടത്തുന്നത്.
പോലീസുദ്യോഗസ്ഥർ തന്നെയാണ് എഴുതിയതും , വരച്ചതും. ഉദ്യോഗസ്ഥരുടെ കുടുബാംഗങ്ങളുടെ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകാശനച്ചടങ്ങിൽ ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ സുനിൽ , ലൈബ്രറി ഭാരവാഹികളായ കെ.ആർ സന്തോഷ്, ടി.ടി.ജയകുമാർ , എം.വി സനിൽ, കെ.എൻ ബിജി, പ്രസാദ് പാറപ്പുറം , കെ.ബി മനു തുടങ്ങിയവർ പങ്കെടുത്തു.