തിരുവനന്തപുരം: സ്വാതന്ത്രദിനത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ആയുര്‍ദൈര്‍ഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തില്‍ 1947-നെ അപേക്ഷിച്ച് 2023-ല്‍ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ഇന്ത്യയിലെ ആയുര്‍വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയില്‍ എത്തിനില്‍ക്കുന്നു. ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മള്‍ നിലകൊണ്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. അതേസമയം, ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു രാഷ്ട്രമെന്ന നിലയില്‍ പുതിയ ദിശയിലേക്ക് നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക സാമൂഹിക ശാസ്ത്ര സാങ്കേതിക മേഖലകളിലെല്ലാം നമ്മള്‍ ഇനിയുമേറെ മുന്നേറാനുണ്ടെന്ന വസ്തുത കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുക്കപ്പെടാന്‍ പാടില്ല. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും കേരളത്തിന്റെ പ്രത്യേകതകളായിരുന്നു. ഇതിനെ, പിറകോട്ടടിപ്പിക്കാന്‍ പല നീക്കങ്ങളും നടക്കുന്നുണ്ട്. അവയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 84 ശതമാനം വര്‍ധിച്ചു. പ്രതിശീര്‍ഷവരുമാനം 54 ശതമാനത്തിലധികം വര്‍ധിച്ചു. കേരളത്തിന്റെ കടത്തെ ജി.എസ്.ടി.പിയുടെ 39 ശതമാനത്തില്‍നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞു. സംരംഭകത്വവര്‍ഷത്തില്‍ ആദ്യത്തെ എട്ടുമാസംകൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാന്‍ സാധിച്ചു. 8300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. മൂന്നുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഏഴുവര്‍ഷംകൊണ്ട് 85,540 കോടി രൂപയുടെ ഐ.ടി. കയറ്റുമതിയുണ്ടായി. അഞ്ച് വര്‍ഷം കൊണ്ട് കിഫ്ബി വഴി 65,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി. ലൈഫ് മിഷനില്‍ നാലുലക്ഷത്തിലധികം വീടുകള്‍, മൂന്ന ലക്ഷം പട്ടയം, പാവപ്പെട്ടവര്‍ക്ക് മൂന്നരലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. ഉള്‍ക്കൊള്ളളലും ഉള്‍ച്ചേര്‍ക്കലും മുഖമുദ്രയായ നവകേരളം യാഥാര്‍ഥ്യമാവുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.