ഒക്കൽ കൊലപാതകം; ഒരു വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

 

 

പെരുമ്പാവൂർ: ഒരു വർഷം മുമ്പ് നടന്ന ഒക്കൽ പെട്രോൾ പമ്പിലെ ജീവനക്കാരന്റെ കൊലപതകത്തിൽ പ്രതിയെ പിടികൂടി. ആസാം നൗഗോൺ ജില്ലാ അംബഗാൻ താലൂക്കിലെ മഹ്ബോർ അലി മകൻ പങ്കജ് മണ്ഡൽ (21) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്‌. ഒക്കൽ ഐ.ഒ.സി പമ്പിലെ ജോലിക്കാരനായ ആസാം സ്വദേശി മഹിബുള്ളയാണ് കൊല്ലപ്പെട്ടത്. ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ മാറമ്പള്ളിയിൽ നിന്നാണ് പിടികൂടിയത്.

മഹിബുള്ള കൊല്ലപെടുന്നതിന് ആഴ്ചകൾ മുൻപ് പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ഇരുവരും പമ്പിന്റെ എതിർവശത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 20നാണ് കൊലപാതകം നടന്നത്. രാത്രി സുഹൃത്തിനെ കുത്തി കൊന്നതിന് ശേഷം പ്രതി മുറി പൂട്ടി രക്ഷപെടുകയും ചെയ്തു.

4 ദിവസം കഴിഞ്ഞ് ദുർഗന്ധത്തെ തുടർന്ന് മുറി തുറന്നപ്പോഴാണ് കൊലപതക വിവരം പുറത്തറിയുന്നത്. സംഭവസമയത് ഇരുവർക്കും മൊബൈൽ ഫോൺ ഇല്ലായിരുന്നു. തുടർന്ന് പ്രതി മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയെങ്കിലും മദ്യപാനിയും പണം വച്ച് ചീട്ട് കളിക്കാരനുമായ പ്രതി പണം തീർന്നപ്പോൾ മൊബൈൽ ഫോണും സിം കാർഡും വില്പന നടത്തിയതിനാൽ അന്വേഷണത്തിന് പ്രയോജനം ലഭിച്ചില്ല.

വളരെ ചെറുപ്പത്തിൽ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ പ്രാഥമിക വിദ്യാഭ്യാസമില്ലാത്ത പ്രതി നാട്ടിൽ പോകുകയോ ആരുമായും അടുപ്പം സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. അന്ന് പൊലീസ് അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കേരളം വിട്ട് പോയിരുന്നില്ലെന്ന് പ്രതി സമ്മതിച്ചു. കാസർഗോഡ് മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതി ഒരു മാസം മുമ്പാണ് പെരുമ്പാവൂരിന് സമീപത്തുള്ള മാറമ്പിള്ളിയിൽ ജോലിക്ക് എത്തിയത്.

സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
സി.ഐ ഫൈസൽ, എസ്.ഐ ശശി, എ.എസ്.ഐ വിനോദ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി