ഡൈവർഷൻ കനാൽ അടിയന്തരമായി നിർമ്മിക്കണം; എ.ഐ.വൈ.എഫ്

 

 

കാഞ്ഞൂർ :ചെങ്ങൽ തോട്ടിൽ അടിയന്തരമായി ഡൈവർഷൻ കനാൽ നിർമ്മിക്കണമെന്ന് എ.ഐ.വൈ.എഫ് കാഞ്ഞൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ച പഞ്ചായത്തുകളിൽ ഒന്നാണ് കാഞ്ഞൂർ പഞ്ചായത്ത്. ഇതിന് പ്രധാന കാരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചപ്പോൾ ചെങ്ങൽ തോട് അടച്ചു കെട്ടിയതാണ്. ഇതേ കുറിച്ച് പഠനം നടത്തിയ കിറ്റ്‌കോയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ് ചെങ്ങൽ തോട്ടിലെ ഡൈവേർഷൻ കനാൽ.

ചെങ്ങൽ തോട്ടിലെ വെള്ളം ഡൈവർഷൻ കനാലിലൂടെ തിരിച്ചു വിട്ടാൽ മാഞ്ഞാലി തോട്ടിലേക്ക് ഒഴുകും. എന്നാൽ ആലുവ, അങ്കമാലി എംഎൽഎമാരും കാഞ്ഞൂർ പഞ്ചായത്ത് അധികൃതരും ഇക്കാര്യം ഗൗരവത്തിൽ എടുക്കുകയോ സിയാലിനെ കൊണ്ട് കനാലിനു വേണ്ട സ്ഥലം ഏറ്റെടുപ്പിക്കുന്നതിനോ ശ്രമിക്കുന്നില്ലെന്ന് എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. ഡൈവർഷൻ കനാൽ നിർമ്മിച്ചാൽ ചെങ്ങൽ,തുറവുങ്കര പ്രദേശത്ത് വെള്ളം കയറുന്നത് ഒഴിവാകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തുറവുങ്കര നിവാസികൾ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും എ.ഐ.വൈ.എഫ് പറഞ്ഞു.

എ.ഐ.വൈ.എഫ് കാഞ്ഞൂർ മേഖലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എസ് വർഗീസ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ഷിഹാബ് പറേലി, സി.എസ് ഷമീർ, ആരിഫ് ഖാൻ എന്നിവർ സംസാരിച്ചു.

മേഖലാ പ്രസിഡന്റായി ഡാഡു ദേവസികുട്ടിയേയും, സെക്രട്ടറിയായി സി.എസ് ഷമീറിനെയും, വൈസ്പ്രസിഡന്റുമാരായി ആരിഫ് ഖാൻ, അരുൺ ആൻറണി എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അൻസഫ് ആസിഫ്, എൻ.പി പ്രൈസൺ എന്നിവരെയും തിരഞ്ഞെടുത്തു