ശ്രീശങ്കര പുരസ്‌ക്കാരം പ്രശസ്ത നർത്തകനും അഭിനേതാവുമായ വിനീതിന്

 

കാലടി: ആദിശങ്കര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ശ്രീശങ്കര പുരസ്‌ക്കാരം പ്രശസ്ത നർത്തകനും അഭിനേതാവുമായ വിനീതിന് നൽകും. സിനിമയ്ക്കും നൃത്തത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌ക്കാരം നൽകുന്നത്. മലയാളത്തിലും, അന്യഭാഷയിലുമടക്കം നിരവധി സിനിമകളാണ് വിനീത് അഭിനച്ചിരിക്കുന്നത്. വിവിധ നൃത്തരൂപങ്ങൾ വിനീത് ചിട്ടപ്പെടുത്തി വേദികളിൽ അവതരപ്പിച്ചിട്ടുണ്ട്.

ഡിസംബർ 7 ന് നടക്കുന്ന ശ്രീ ശാരദ വിദ്യാലയത്തിന്റെ 28-ാം മത് വാർഷികാഘോഷം ‘സപര്യ’ യിൽ വച്ച് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും. ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീർത്ഥ സ്വാമിയും, നിയുക്ത പിൻഗാമി വിധുശേഖര ഭാരതി സ്വാമിയും അനുഗ്രഹിച്ചു നൽകിയ പുരസ്‌ക്കാരങ്ങളാണ് നൽകുന്നത്. വൈകിട്ട് 6 നാണ് പരിപാടി നടക്കുന്നത്.

ഇന്ത്യൻ നേവി വൈസ് അഡ്മിറൽ സുനിൽ ആനന്ദ് എ,വി.എസ്.എം മുഖ്യാതിഥിയായിരിക്കും. ആദിശങ്കര മാനേജിംങ്ങ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷത വഹിക്കും. ആദിശങ്കര ചീഫ് ഓപ്പറേഷൻസ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ്, പി.ടി.എ. പ്രസിഡന്റ് എം.കെ. രാജശേഖരൻ, സ്‌കൂൾ ഹെഡ് ബോയ് ലിയോൺ ജോർജ് പടയാട്ടി, ഹെഡ് ഗേൾ ഗായത്രി. എ. തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.

എൽ.കെ.ജി. മുതൽ ഹയർസെക്കന്ററിവരെ 2000ത്തോളം കുട്ടികൾ ശ്രീ ശാരദയിൽ പഠിക്കുന്നുണ്ട്. ഓരോ ക്ലാസ്സിനും നാല് ഡിവിഷനുകൾ വരെയുണ്ട്. മൂലാധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയിരിക്കുകയാണ് ഇവിടെ. മികച്ച അദ്ധ്യാപകരുടെ മേൽനോട്ടവും, ഒരു സ്പെഷ്യൽ സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.