നക്ഷത്ര രാവ് 2019 ലോഗോ പ്രകാശനം ചെയ്തു

 

 

മലയാറ്റൂർ: മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ 22 ന് നക്ഷത്ര രാവ് 2019 ക്രിസ്മസ് മെഗാ ഈവന്റ് നടക്കും. ഇതിന്റെ ലോഗോ പ്രകാശനം റോജി എം.ജോൺ എംഎൽഎ നിർവഹിച്ചു. വികാരി ഫാ. വർഗീസ് മണവാളൻ മെഗാ ഈവന്റിനെക്കുറിച്ച് വിശദീകരിച്ചു. പ്രാഗ്രാം ജനറൽ കൺവീനർ വർഗീസ് മേനാച്ചേരി, പബ്ലിസിറ്റി കൺവീനർ ജോസഫ് മാളിയേക്കപ്പടി, കൈക്കാരൻ ബിജു ചിറയത്ത് എന്നിവർ പ്രസംഗിച്ചു.

രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള പരിപാടിയിൽ ഇടവകയിലെ 600 ഓളം കലാകാരന്മാർ പങ്കെടുക്കും. 150ൽ പരം ഗായകരെ ഉൾക്കൊള്ളിച്ചുക്കൊണ്ട് അരങ്ങേറുന്ന കരോൾ ഗാനങ്ങൾക്കൊപ്പം, 150ൽ പരം വരുന്ന മാലാഖമാരും പാപ്പാത്തിമാരും വേദിയിൽ അണിനിരക്കും. ഇതിന് പുറമെ ഡാൻസ്, സ്‌കിറ്റ്, ചെണ്ടമേളം, സാക്‌സോഫോൺ എന്നിവയും ഉൾപ്പെടുത്തി ക്രിസ്മസിന്റെ വരവറിയിക്കുന്ന ഒരു മെഗാ പ്രോഗ്രാമാണ് സജ്ജമാക്കിയിരിക്കുന്നത്. ആൽവിൻ സെബാസ്റ്റ്യൻ മലയാറ്റൂരും മറ്റ് കലാകാരുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.