കാഞ്ഞൂരിൽ എൽ.ഐ സ്കീമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കണം; സിപിഐ

 

 

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് സിപിഐ കാഞ്ഞൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കാഞ്ഞൂർ പഞ്ചായത്തിൽ നിലവിൽ എട്ടോളം എൽഐ സ്കീമുകൾ ഉണ്ട്. എന്നാൽ ഇവ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഇതുമൂലം കൃഷിക്കാർക്ക് കാർഷിക ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. വെള്ളം ലഭിക്കാത്തതിനാൽ കൃഷി തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കൂടാതെ എൽഐ സ്കീം പ്രവർത്തനമാകുമ്പോഴാണ് വേനൽ കാലത്ത് കാർഷികാവശ്യത്തിന് കൂടാതെ പാറപ്പുറം അടക്കമുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കൂ.

എൽഐ സ്കീമുകൾ വഴി കനാലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഉറവയാണ് പലസ്ഥലങ്ങളിലും കിണറുകളിലെ ഉറവ. ഡിസംബർ മാസം ആയതോടെ പല കിണറുകളും വറ്റി തുടങ്ങി. എൽ ഐസ്ക്രീം പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ വലിയ കുടിവെള്ള പ്രശ്നവും പഞ്ചായത്തിൽ ഉണ്ടാകും. നിലവിൽ എല്ലാ കനാലുകളും പുല്ലു പിടിച്ചു വെള്ളം ഒഴുകാൻ കഴിയാത്ത സ്ഥിതിയിലാണ്. മുൻവർഷങ്ങളിൽ നവംബർ അവസാനത്തോടെ കാനകൾ ക്ലീൻ ചെയ്തു ഡിസംബർ ആദ്യവാരത്തോടെ എൽ ഐ സ്ക്രീം പ്രവർത്തനങ്ങൾ ആരംഭിക്കാറുണ്ട്. എന്നാൽ ഡിസംബർ ആദ്യവാരം പിന്നിടുമ്പോഴും കനാലുകൾ ക്ലീൻ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പോലും കാഞ്ഞൂരിൽ തുടങ്ങിയിട്ടില്ല.

കാനകൾ ക്ലീൻ ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. അതിനാൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും എത്രയും വേഗം കാനകൾ ക്ലീൻ ചെയ്ത് എൽ.ഐ സ്കീം പ്രവർത്തികൾ ആരംഭിക്കുമെന്നും അല്ലെങ്കിൽ ഇറിഗേഷൻ ഓഫീസ് പിക്കറ്റിങ് അടക്കമുള്ള സമരപരിപാടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും സിപിഐ കാഞ്ഞൂർ ലോക്കൽ സെക്രട്ടറി വി എസ് വർഗീസ് പറഞ്ഞു.