കാലടി ഗ്രാമപഞ്ചായത്ത് 5.50 കോടി രൂപ അട്ടിമറിച്ച രേഖകൾ പുറത്ത് വിടും; റോജി എം ജോൺ എം.എൽ.എ

 

 

കാലടി: കാലടിയിൽ ബസ്സ്റ്റാൻഡും, പിൽഗ്രിം സെൻററും, ഓഡിറ്റോറിയവും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്  പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി പറയുന്നതെന്ന് റോജി എം ജോൺ എം.എൽ.എ പറഞ്ഞു. പഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് 5.50 കോടി രൂപയുടെ പദ്ധതി തയ്യാറാക്കാൻ സർക്കാർ ഏജൻസിയായ കെല്ലിനോട് ആവശ്യപ്പെട്ടത്. കെല്ലിൻറെ സാങ്കേതിക വിദഗ്ദരാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതും. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന സ്ഥലം സന്ദർശിച്ച് നിരവധി തവണ പഞ്ചായത്തുമായി ആലോചിച്ചാണ് പദ്ധതി കെല്ല് തയ്യാറാക്കിയത്.

ആദ്യഘട്ടമായ 3.05 കോടിക്ക് എം.എൽ.എ ഫണ്ടിൽ നിന്നും ഭരണാനുമതി ലഭ്യമായി നിർമ്മാണം തുടങ്ങുന്ന ഘട്ടത്തിൽ മാത്രമാണ് പദ്ധതിയെ സംബന്ധിച്ച് സ്വന്തം പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടെന്നും അത് ചർച്ച ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്. എന്നിട്ടും പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ഉദ്ദേശത്തോടുകൂടി പുതുതായി വന്ന നിർദ്ദേശങ്ങളും പരിശോധിക്കാൻ കെല്ലിനോട് താൻ ആവശ്യപ്പെട്ടു. എന്നാൽ പുതിയ നിർദ്ദേശങ്ങൾ സാങ്കേതികമായി പ്രായോഗികമല്ലെന്നും, ബസുകളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുമെന്നും കെല്ലിന്റെ വിദഗ്ദ സമിതി രേഖാമൂലം അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് സാങ്കേതിക സമിതിയും, സർക്കാരും അംഗീകരിച്ച പ്ലാനുമായി മുന്നോട്ട് പോകണമെന്ന് പഞ്ചായത്തിനോട് താൻ ആവശ്യപ്പെട്ടത്.

പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കാലടിയുടെ തന്നെ മുഖച്ഛായ മാറ്റി മറിക്കാവുന്ന 5.50 കോടിയുടെ പദ്ധതി കാലടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്ത് വിടാൻ തയ്യാറാണെന്നും റോജി  പറഞ്ഞു.

പഞ്ചായത്ത് നിർദേശിച്ച രൂപരേഖ മാറ്റിയത് മൂലമാണ് പഞ്ചായത്ത് പദ്ധതിയിൽ നിന്നും പിൻമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി പറഞ്ഞിരുന്നു.