കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവെൻഷൻ ഡിസംബർ ഒന്നിന് തുടങ്ങും

 

 

കാഞ്ഞൂർ : 20-ാമത് കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവൻഷൻ ഡിസംബർ 1 മുതൽ 5 വരെ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. മാത്യു വയലാമണ്ണിൽ സി.എസ്.ടി. നേതൃത്വത്തിലുള്ള വയനാട് അനുഗ്രഹ റിട്രീറ്റ് സെന്ററാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. ”കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല” എന്ന ബൈബിൾ വാക്യമാണ് പ്രസ്തുത കൺവെൻഷന്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.

ഒന്നിന് വൈകീട്ട് 6.00 ന് എറണാകുളം- അങ്കമാലി അതിരൂപത മെത്രോപ്പോലീത്തൻ വികാരി ആർച്ചു ബിഷപ്പ് ആന്റണി കരിയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 9.00 വരെയാണ് കൺവെൻഷൻ ശുശ്രൂഷകൾ നടക്കുക. കൺവെൻഷനുശേഷം പാറപ്പുറം, വെള്ളാരപ്പിള്ളി, ചൊവ്വര ഗേറ്റ്, ഇടനാട്, പ്രസന്നപുരം, അങ്കമാലി, നായത്തോട്, നെടുവന്നൂർ, കപ്രശ്ശേരി, മഞ്ഞപ്ര, യോർദ്ദനാപുരം, തുറവൂർ, ചുള്ളി, മലയാറ്റൂർ, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിലേക്ക് ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ രോഗികൾക്കായുള്ള പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൺവെൻഷനു ലഭിക്കുന്ന സംഭാവനയിൽ നിന്ന് എല്ലാ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഇടവക നടത്തിപ്പോരുന്നു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ കേടുപാടു സംഭവിച്ച വീടുകൾ പുനരുദ്ധരിച്ചതുൾപ്പെടെ 5 ലക്ഷം രൂപയുടെ സഹായങ്ങൾ കൺവെൻഷന്റെ ഭാഗമായി ചെയ്തു കഴിഞ്ഞു. സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ 15000 പേർക്കുവരെ ഇരിക്കാവുന്ന സൗകര്യപ്രദമായ പന്തലും ഇരിപ്പിട സജ്ജീകരണവും സ്റ്റേജിൽ നടക്കുന്ന ശുശ്രൂഷകൾ വ്യക്തമായി കാണുന്നതിന് 4 എൽ.ഇ.ഡി. വാൾ സ്‌ക്രീൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൺവെൻഷന് ഒരുക്കമായി ഒരു മാസമായി ദിവസവും വൈകിട്ട് 7 മുതൽ 8 വരെ ഒരുക്ക പ്രാർത്ഥനയും ഗ്രൗണ്ട് ചുറ്റിയുള്ള ജപമാല പ്രദക്ഷിണവും നടത്തിവരുന്നുണ്ട്.