അങ്കമാലി-മഞ്ഞപ്ര റോഡ്; കാലതാമസം ഒഴിവാക്കാൻ ബദൽ സംവിധാനം

 

 

 

അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റോഡിന്റെ പുനർനിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ ഇനിയും നീണ്ട് പോകുന്ന സാഹചര്യം ഉണ്ടായാൽ പാറമട ക്രഷർ ഉടമസ്ഥരെ ചേർത്ത് താൽക്കാലിക അറ്റകുറ്റപണികൾ നടത്തുമെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. ഇതിനായി എം.എൽ.എയുടെ
നേത്യത്വത്തിൽ ഈ റോഡ് ഉപയോഗിക്കുന്ന പാറമട, ക്രഷർ ഉടമസ്ഥരുടെ യോഗം അങ്കമാലിയിൽ ചേർന്നു. രണ്ട് വട്ടം ടെണ്ടർ ചെയ്തിട്ടും പ്രവർത്തി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. മൂന്നാമത്തെ ടെണ്ടറിൽ പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ പി.ഡബ്‌ള്യു.ഡി നിരക്കിലെ അപാകത ചൂണ്ടിക്കാണിച്ച് കരാറിൽ നിന്നും പിൻമാറി. ഇപ്പോൾ വീണ്ടും ടെണ്ടർ ചെയ്തിരിക്കുകയാണ്.

12-ാം തീയതിയാണ് ടെണ്ടർ തുറക്കുന്നത്. ഈ ടെണ്ടറിലും കരാറുകാർ ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ പാറമട, ക്രഷർ ഉടമസ്ഥരുടെ സഹകരണത്തോടെ ഫണ്ട് സമാഹരിച്ച് റോഡിന്റെ അറ്റകുറ്റപണികൾ നടത്താൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, വിവിധ പാറമട ക്രഷർ ഉടമസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.