അഴിമതിയുടെ പാപഭാരം തന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ ജോസ് തെറ്റയില്‍ ശ്രമിക്കേണ്ട: റോജി എം ജോണ്‍ എം.എല്‍.എ

 

 

അങ്കമാലി: ജോസ് തെറ്റയില്‍ എം.എല്‍.എ ആയിരുന്ന കാലത്ത് പണി നടത്തി നിര്‍മ്മാണത്തിലെ അപാകതയും, അഴിമതിയും മൂലം കേസില്‍ ഉള്‍പ്പെട്ട അങ്കമാലി-മഞ്ഞപ്ര റോഡിന്‍റെ പാപഭാരം തന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ട എന്ന് റോജി എം ജോണ്‍ എം.എല്‍.എ പറഞ്ഞു. റോഡിന് തുക അനുവദിച്ചതും, പണി കഴിപ്പിച്ചതും ജോസ് തെറ്റയില്‍ എം.എല്‍.എ ആയിരുന്നപ്പോഴാണ്. എങ്ങനെയെങ്കിലും പണി തീര്‍ത്ത് ബില്ല് മാറിയെടുക്കാന്‍ മഴയത്ത് ടാറ് ചെയ്തപ്പോള്‍ ജനങ്ങള്‍ ചോദ്യം ചെയ്തു. അപ്പോള്‍ ഇത് മഴയത്ത് ടാറ് ചെയ്യുന്ന പുതിയ സംവിധാനമാണ് എന്ന് പറഞ്ഞ് അഴിമതിക്ക് കൂട്ടു നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ക്രമക്കേടും, കോടതി കേസും മൂലം വര്‍ഷങ്ങളോളം റോഡിന് തുക അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി.

പ്രളയാനന്തരം കേന്ദ്ര ഫണ്ട് അധികമായി ലഭിച്ചപ്പോള്‍ സംസ്ഥാനം നല്‍കിയ ലിസ്റ്റില്‍ അങ്കമാലി-മഞ്ഞപ്ര റോഡും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഇത് തന്‍റെ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണെന്ന് നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

തുക അനുവദിച്ച് മൂന്ന് വട്ടം ടെണ്ടര്‍ വിളിച്ചപ്പോഴും കരാറുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചത്. അതും തടസ്സപ്പെടുത്തുന്ന സമീപനമാണ് എല്‍.ഡി.എഫിന്‍റേത്. ഇപ്പോള്‍ വീണ്ടും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇതും ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ലെങ്കില്‍ പാറമടക്കാരെ ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഫണ്ട് സമാഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് റോജി പറഞ്ഞു