പോലീസിനെ ആക്രമിച്ച പ്രതികളെ റിമാന്റ് ചെയ്തു

 

 

പെരുമ്പാവൂർ: മലയിടംതുരുത്തിൽ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച പ്രതികളെ റിമാന്റ് ചെയ്തു. അടുത്തമാസം 8 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. മലയിടംതുരുത്ത് ജംഗ്ഷനിൽ ലോക് ഡൗൺ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസുദ്യോഗസ്ഥരുടെ സമീപത്തേക്ക് ബൈക്കിൽ അമിതവേഗതയിൽ എത്തിയ യുവാക്കളെ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ യുവാക്കൾ അക്രമണം അഴിച്ചുവിടുകയായിരുന്നു. പോലിസുദ്യോഗസ്ഥരുടെ കഴുത്തിൽ പിടിച്ച് തള്ളുകയും യൂണിഫോം കീറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ പോലീസ് സാഹസീകമായി കീഴടക്കുകയായിരുന്നു. സംഭവത്തിൽ പോലീസുദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.

അക്രമികളെ കീഴ്പ്പെടുത്തിയ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് ഇന്നലെ ഗുഡ് സർവ്വീസ് എൻട്രിയും പ്രഖ്യാപിച്ചിരുന്നു. ഇരുചക്രവാഹനത്തിലെത്തിയ ഇവർ വീട്ടു സാധനങ്ങൾ വാങ്ങാനാണ് വന്നതെന്നാണ് ആദ്യം പൊലീസിനോട് വെളിപ്പെടുത്തിയത്.വീട്ടു സാധനം വാങ്ങാൻ ഒരാൾ പോരേയെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ഇവർ ഇതൊന്നും ചെവിക്കൊള്ളാതെ കയർക്കുകയായിരുന്നു.