ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ കേസെടുത്തു

 

 

ആലുവ: ലോക്ഡൗൺ ലംഘിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ ബുധനാഴ്ച 233 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അറിയിച്ചു. ഈ കേസുകളിൽ നിന്നായി 242 പേരെ അറസ്റ്റ് ചെയ്തു, ഇതുമായി ബന്ധപ്പെട്ട് 170 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.
ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 438 ആയി. ആലുവ, പെരുമ്പാവൂർ , മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷൻ പരിധിയിലും ഇരുപത്തിനാല് മണിക്കൂറും കർശന പരിശോധന തുടരുകയാണ്. കൂടാതെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നേരിട്ട് നിരത്തിൽ പരിശോധന നടത്തുന്നുണ്ട്.

നിരത്തുകളിൽ പ്രത്യേക പിക്കറ്റുകളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്യത്തിൽ പോലിസ് സംഘം കാവലുമുണ്ട്. ഓരോ വാഹനവും പരിശോധിച്ച് കൃത്യമായ നടപടിയാണ് പോലിസ് സ്വികരിച്ചു വരുന്നത്. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കൃത്യമായ നടപടിയെടുത്താണ് പോലിസ് മുമ്പോട്ടു പോകുന്നത്. ജില്ലാ അതിർത്തികളിലും ചെക്കിംഗ് നടക്കുന്നുണ്ട്. അത്യാവശ്യക്കാർക്കുമാത്രമെ പോലീസ് സ്റ്റേഷൻ വഴി പാസ്സുകൾ വിതരണം ചെയ്യുന്നുള്ളൂ. പോലീസ് പാസ്സ് ലഭിക്കുന്നതിൽനിന്ന് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ്സ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു പോകുമ്പോൾ ഇക്കൂട്ടർ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതിയാകും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ, ഡാറ്റ സെൻറർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോൾ പമ്പ് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും ജില്ലയിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കാർത്തിക് പറഞ്ഞു.