ജില്ലയിൽ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ്

 

 

കൊച്ചി: ജില്ലയിൽ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിൽ നിന്നും തിരികെ വന്ന രണ്ടു പേർക്കും, ജില്ലയിൽ നേരത്തെ സ്ഥിരീകരിച്ച കോവിഡ് രോഗബാധിതനുമായി അടുത്തിടപഴകിയ ഒരാൾക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവ് ആയ 22 വയസ്സുള്ള, എറണാകുളം സ്വദേശിയായ യുവാവ് ഈ മാസം 15 ന് ഫ്രാൻസിൽ നിന്നും വിമാനത്തിൽ ദില്ലി വരെയും, തുടർന്ന് മാർച്ച് 16 ന് വിമാനത്തിൽ കൊച്ചിയിലേക്കും വന്ന ശേഷം മാനദണ്ഡ പ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ എടുത്തു പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്‌ളൈറ്റിൽ, ഫ്രാൻസിൽ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മാനദണ്ഡ പ്രകാരമുള്ള നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ പരിശോധനയ്ക്കയക്കുകയായിരുന്നു.

മാർച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച 61 വയസ്സുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള സ്ത്രീയുമായി സമ്പർക്കം പുലർത്തിയിരുന്ന 3 പേരും വീട്ടിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയ എല്ലാവരുടെയും വിശദ വിവരങ്ങൾ ശേഖരിച്ചു വരുന്നു. ഇന്ന് പുതിയതായി 61 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1134 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3274 ആണ്.