രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ : പ്രധാനമന്ത്രി

 

 

ന്യൂഡൽഹി : രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യം സമ്പൂർണ ലോക്ക് ഡൗണാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നമ്മുടെ പൗരന്മാരുടേയും കുടുംബത്തിന്റെയും സുരക്ഷ മാനിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ച്ചയാണ് ലോക്ക് ഡൗണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയെന്ന നിലയിലല്ല നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് ഇതു പറയുന്നത്. നിങ്ങളുടെ ചില ആഴ്ച്ചകൾ എനിക്ക് തരണമെന്ന് പറഞ്ഞിരുന്നു. അതാണിപ്പോൾ ചോദിക്കുന്നത്. ജനത കർഫ്യൂവിനെ എല്ലാവരും പിന്തുണച്ചതിൽ സന്തോഷമുണ്ട്. അതുപോലെ ഈ പറയുന്നതും കേൾക്കണമെന്ന് എല്ലാവരോടും കൈകൂപ്പി അഭ്യർത്ഥിക്കുന്നു. കോവിഡിനെ നേരിടാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ തങ്ങണം. വീടുകൾക്കു മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. പ്രധാനമന്ത്രി മുതൽ ഗ്രാമത്തിലെ ഒരു പൗരൻ വരെ എല്ലാവരും ഇത് ചെയ്യണം. വൈറസിന്റെ വ്യാപനത്തെ ചെറുക്കാൻ ഇതാവശ്യമാണ്. ആരോഗ്യ പ്രവർത്തകർ ഓരോ ജീവനും രക്ഷിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. അവരെ നമ്മളോർക്കണം. അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിത്. ദയവായി വീടിനു പുറത്തിറങ്ങരുത്