കൂട്ടായ്മയിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ച് പോലിസുദ്യോഗസ്ഥർ

 

 

ആലുവ: കൂട്ടായ്മയിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ച് പോലിസുദ്യോഗസ്ഥർ തങ്ങളുടെ സഹപ്രവർത്തകനു വേണ്ടി ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 16,73700 രൂപ. കാലടി സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ സെബിയുടെ മക്കളുടെ ചികിത്സയ്ക്കായാണ് പോലീസ് അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി – കെ.എ.പി ഒന്നാം ബറ്റാലിയൻ എന്നിവിടങ്ങളിലെ പോലീസുദ്യോഗസ്ഥർ കൈകോർത്തത്.

കഴിഞ്ഞയാഴ്ച തീപ്പൊള്ളലേറ്റ് സെബിയുടെ ഭാര്യ മരിക്കുകയും രണ്ട് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയുമുണ്ടായി. കുട്ടികൾ വിദഗ്ദ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആസ്പത്രിയിലാണ്. പകച്ചു പോയ സെബിക്ക് കൈത്താങ്ങായ അസോസിയേഷൻ എല്ലാ സ്റ്റേഷനുകളിലേക്കും യൂണിറ്റുകളിലേക്കും വിവരം കൈമാറുകയും ഒറ്റ ദിവസം കൊണ്ട് തങ്ങൾക്കാവും വിധം സംഭാവനകൾ എത്തിക്കുകയും ആയിരുന്നു. സമാഹരിച്ച സംഖ്യ ഭാരവാഹികൾ കോയമ്പത്തൂരിലെ ആസ്പത്രിയിലെത്തി സെബിക്ക് നൽകി.

തങ്ങളുടെ സഹപ്രവർത്തകന്റെ സങ്കടം സ്വന്തം നെഞ്ചിലേറ്റുവാങ്ങി കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കാൻ കഴിയുന്നതിന്റെ ചരിത്രമാണ് ഇവിടെ കണ്ടത്. പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി എം.വി സനിൽ , പ്രസിഡന്റ് എം.എം അജിത്കുമാർ,ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ജെ ഷാജിമോൻഎന്നിവരുടെ നേതൃത്വത്തിലാണ് സെബിക്ക് തുക കൈമാറിയത്.