കാലടി മഹാശിവരാത്രിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

 

 

കാലടി : കാലടി മണൽപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ 72–ാമത് മഹാശിവരാത്രിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി. 18മുതൽ 21വരെ തീയതികളിലാണ് പ്രധാന ആഘോഷങ്ങൾ. ഭകതർക്ക് മണൽപ്പുറത്ത് എത്തുന്നതിനായി ശിവരാത്രി കടവിൽ നിന്ന് താത്കാലിക പാലവും താന്നിപ്പുഴ മണേലി കടവിൽ നിന്ന് ജങ്കാർ സർവ്വീസും ഒരുക്കിയിട്ടുണ്ട്.

18 ന് രാത്രി 7.30 ന് കൊച്ചിൻ ശ്രീഹരി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള, 19 ന് രാത്രി 8 ന് നാടകം, 20 ന് രാവിലെ 6.00 ന് ഭജന,രാത്രി 8.00 ന് ഗാനമേള, ശിവരാത്രി ദിനമായ 21 ന് രാവിലെ 6.00ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാത്രി 6.45 ന് ഭകതിഗാനമഞ്ജരി, 7.45 ന് പ്രഭാഷണം, 8.45 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ റോജി.എം.ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിളളി, തുടങ്ങിയവർ പങ്കെടുക്കും.

കാലടി മഹാശിവരാത്രി പുരസ്കാരം–2020 ലഭിച്ച പ്രീതി പ്രകാശ് പറക്കാട്ടിന് ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും. പത്മശ്രീ എം.കെ കുഞ്ഞോൽ മാസ്റ്റർ, ക്ഷേത്രം മേൽശാന്തി ചെറുകുട്ടമന ശങ്കരൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ.വി ഷാജി, ആഘോഷസമിതി രക്ഷാധികാരി പി.കെ മോഹൻദാസ്‌, ശിവൻ മൂഞ്ഞേലി എന്നിവരെയും ആദരിക്കും. തുടർന്ന് ബലിതർപ്പണം ആരംഭിക്കും.