കാലടിയിൽ നിന്നും അടുത്തമാസം മുതൽ ശബരിമലയിലേക്ക് ഹെലിക്കോപ്റ്റർ സർവീസ് ആരംഭിക്കും

 

 

കാലടി: കാലടിയിൽ നിന്നും അടുത്തമാസം മുതൽ ശബരിമലയിലേക്ക് ഹെലിക്കോപ്റ്റർ സർവീസ് ആരംഭിക്കും. ആദിശങ്കര ജൻമഭൂമിക്ഷേത്രത്തിന് സമീപത്തെ സ്ഥലത്ത് നിന്നുമാണ് ഹെലിക്കോപ്റ്റർ സർവീസ്. ശബരി സർവീസ് എന്ന കമ്പനിയുടെ കീഴിൽ നവംബർ 17 മുതലാണ് ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഹെലികോപ്ടർ സൗകര്യം ആരംഭിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകരെ കാലടിയിലെ ഹെലിപാഡിൽ എത്തിച്ച് അവിടെ നിന്നാണ് ശബരിമലയുടെ പ്രധാന ക്യാംപായ നിലക്കലിൽ എത്തിക്കുന്നത്. കാലടിയിൽ നിന്നും 35 മിനിറ്റ് സമയം കൊണ്ട് നിലക്കലിൽ എത്തും.

എല്ലാ ദിവസവും സർവ്വീസ് ഉണ്ടാകും. രാവിലെ 7 മണിക്ക് കാലടിയിൽ നിന്നും പുറപ്പെടുന്ന ഹെലികോപ്ടർ 7.35 ന് നിലക്കലിൽ എത്തിച്ചേരും. 7.40 ന് നിലക്കലിൽ നിന്നും മടങ്ങുന്ന ഹെലികോപ്ടർ 8.15 ഓടെ കാലടിയിൽ മടങ്ങിയെത്തും. ദിനംപ്രതി 12 സർവ്വീസുകളാണ് ഉണ്ടാകുക. കാലടിയിൽ നിന്നും രാവിലെ 8.35, 10.10, 11.45, ഉച്ചയ്ക്ക് 2.00, 3.35 എന്നീ സമയങ്ങളിലാണ് ഹെലികോപ്ടർ പുറപ്പെടുക.മടക്കയാത്ര ഉൾപ്പെടെ ഒരാൾക്ക് 29,500 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഹെലിക്കോപ്റ്റർ സർവീസിനെതിരെ ആശ്രമം നഗർ റെസിഡൻസ് അസോസിയേഷൻ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ജനജീവിതം ദുസഹമാക്കുമെന്ന് കാട്ടി പഞ്ചായത്തിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.