ശ്രീ ദക്ഷിണാ മൂർത്തി ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷം അക്ഷരജ്യോതി തെളിഞ്ഞു

 

തിരുവൈരാണിക്കുളം: ദേവൻമാരുടെയെല്ലാം ആദി ഗുരുവായ ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനമൂർത്തി സങ്കൽപ്പത്തിലുള്ള തിരുവൈരാണിക്കുളം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന നവരാത്രി ആഘോഷങ്ങൾക്ക് വൻ ഭക്തജനത്തിരക്ക്.

നിരവധി കുഞ്ഞുങ്ങളാണ് വിദ്യാരംഭത്തിന് ഏറ്റവും ഉൽകൃഷ്ഠമായ ഗുരുസന്നിധിയിൽ എത്തിച്ചേർന്നത്. കവിയും, അവതാരകനുമായ സനൽ പോറ്റി കുഞ്ഞുങ്ങളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുകയും സ്വന്തമായി എഴുതിയ ദക്ഷിണാമൂർത്തി കീർത്തനം ആലാപനം ചെയ്യുകയും ചെയ്തു. ജ്ഞാനമൂർത്തി സങ്കൽപ്പത്തിലുള്ള സ്വരൂപ പ്രതിഷ്ഠയുള്ള കേരളത്തിലെ എക ദക്ഷിണാ മൂർത്തി ക്ഷേത്രമായ തിരുവൈരാണിക്കുളം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നൂറ്റാണ്ട്കൾക്ക് ശേഷമാണ് നവരാത്രി ആഘോഷിക്കുന്നതെന്ന സവിശേഷതയുമ ഉണ്ട്..

വൈദേശിക ആക്രമണത്തിൽ തകർക്കപ്പെട്ട് കാട് മൂടിക്കിടന്നിരുന്ന ക്ഷേത്രം ഈ വർഷം ആണ് നാട്ടുകാരുടെ ശ്രമഫലമായി മനോഹരമായി പുനർനിർമ്മിച്ചത്. വിദ്യക്കും മറ്റ് കലകൾക്കും ആദിനാഥനായ ദക്ഷിണാമൂർത്തിയും പ്രധാന പ്രതിഷ്ഠയായ മഹാദേവനും കൂടാതെ മഹാഗണപതിയും ഒരു ശ്രീകോവിലിനുള്ളിൽ വാണരുളുന്നു.

മഹാനവമി ദിവസം നടന്ന ദക്ഷിണാ മൂർത്തി മന്ത്രാർച്ചന വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഭക്തിനിർഭരമായിരുന്നു. എൻ.പി.ഒ.എൽ പ്രോജക്ട് ഡയറക്ടർ കൃഷ്ണമോഹനൻ എമ്പ്രാന്തിരി ദക്ഷിണാമൂർത്തി മാഹാത്മ്യ പ്രഭാഷണം നടത്തി, സംഗീതാർച്ചനയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി..