ശബരിമല മാനവീകതയുടെ പ്രഭവകേന്ദ്രം; ബെന്നി ബഹനാൻ

 

 

അങ്കമാലി: റോജി എം ജോൺ എം.എൽ.എയുടെ നേത്യത്വത്തിൽ അങ്കമാലി പൗരാവലി ശബരിമല മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. മാടവന മന പരമേശ്വരൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ശബരിമല കേവലം ഒരു ആരാധനാലയം മാത്രമല്ലെന്നും വിശ്വമാനവീകതയുടെ പ്രഭവകേന്ദ്രമാണെന്നും ബെന്നി ബഹനാൻ പറഞ്ഞു. ശബരിമല നൽകുന്ന ദർശനങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും എം.പി. അഭിപ്രായപ്പെട്ടു.

അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായാണ് ശബരിമലയിൽ മേൽശാന്തിയായി ഒരാൾ നിയമിതനാവുന്നത്. കഴിഞ്ഞ 17 വർഷമായി സ്ഥിരമായി ശബരിമല അയ്യപ്പനെ സേവിക്കുന്നതിന് മേൽശാന്തി നിയമന നറുക്കെടുപ്പിന് പേര് നൽകാറുണ്ടെങ്കിലും 18-ാം തവണയായ ഇപ്രാവശ്യം, മാളിക്കപ്പുറത്തമ്മയെ സേവിക്കുന്നതിനും കൂടി താൻ പേര് നൽകുകയും തനിക്ക് മാളികപ്പുറത്തമ്മയുടെ സേവനത്തിന് നറുക്ക് വിഴുകയുമായിരുന്നെന്നും, അത് മഹാഭാഗ്യമായി കാണുന്നുവെന്ന് പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. ചടങ്ങിൽ ശബരിമല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദിനേയും, ആലങ്ങാട് യോഗം പെരിയോൻ അമ്പാടത്ത് വിജയകുമാറിനേയും ആദരിച്ചു.

യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ത്യശ്ശൂർ ഭദ്രാസന മെത്രാപൊലീത്ത ബിഷപ്പ് ഡോ. ഏല്യാസ് മോർ അത്താനാസ്യോസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി.പോൾ, മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രശേഖര വാരിയർ, അങ്കമാലി ജുമാ മസ്ജിത് ഇമാം എം.എം. ബാവാ മൗലവി ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ വിവിധ സാമുദായിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികള പങ്കെടുത്തു.