കാലടി ടൗണിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രം ഇല്ല യാത്രക്കാർ ദുരിതത്തിൽ

 

 

കാലടി: കാലടി ടൗണിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. ബസ്‌സ്റ്റാന്റ് കഴിഞ്ഞാൽ പെരുമ്പാവൂർ ,മലയാറ്റൂർ, ആലുവ റോഡുകളിലാണ് യാത്രക്കാർ കൂടുതലായും ബസ് കാത്ത് നിൽക്കുന്നത്.പെരുമ്പാവൂർ ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്നിടത്ത് മാത്രമാണ് ചെറിയൊരു ബസ് കാത്ത് നിൽപ്പ് കേന്ദ്രം ഉള്ളത്.മലയാറ്റൂർ റോഡിലും, ആലുവ റോഡിലും വ്യാപാര സ്ഥാപനങ്ങളു
ടെ മുൻപിലാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്.

ശ്രീ ശങ്കര വാക്‌വേയുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും നടപാതകൾ നിർമിച്ചിരിക്കുകയാണ്. ബസ് കാത്ത് നിൽക്കുന്നവരുടെ ഇടയിലൂടെ വേണം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ.ബസ് കാത്ത് നിൽക്കുന്നവർക്കും,കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.പലപ്പോഴും വൻ തിരക്കായിരിക്കും ഇവിടെങ്ങളിൽ അനുഭവപ്പെടുന്നതും. ചൂടിലും, മഴയത്തും യാത്രക്കാർക്ക് ഒന്ന് കയറി നിൽക്കാൻ പോലും സ്ഥലമില്ല.

കുട്ടികൾ മുതൽ പ്രായമായവർ വരെ പൊരിവെയിലത്ത് വേണം നിൽക്കുവാൻ. പലരും സമീപത്തെ കടകളിലാണ് കയറി നിൽക്കുന്നത്. രാത്രിയായാൽ പലപ്പോഴും ഇവിടങ്ങളിൽ വെളിച്ചവും ഉണ്ടാകാറില്ല. ആലുവ,മലയാറ്റൂർ, പെരുമ്പാവൂർ ഭാഗങ്ങളിൽ സൗകര്യമായ രൂപത്തിൽ ബസ് കാത്ത് നിൽപ്പ് കേന്ദ്രം നിർമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.