ചെങ്ങൽ തോട്ടിലേക്ക് ചെളി ഒഴുക്കുന്നു

 

 

കാഞ്ഞൂർ:പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോടിനു കുറുകെ രണ്ട് പാലങ്ങളുടെ നിർമാണം നടക്കുകയാണ്.കഴിഞ്ഞ പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശമാണ് ചെങ്ങൽ തുവവുംകര മേഖല.വെളളം കയറിയപ്പോൾ ആളുകൾക്ക് ഇവിടെ നിന്നും പുറത്തേക്ക് വരുവാൻ കഴിഞ്ഞില്ല.ഇനിയൊരു പ്രളയമുണ്ടായാൽ അതിജീവിക്കുവാനും, ഗ്രാമവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുവാനും എട്ടുകോടി രൂപ വീതം ചിലവിട്ടാണ് രണ്ട് പാലങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നത്.

പാലത്തിന് തൂണുകൾ സ്ഥാപിക്കുന്നതിന് ഭൂമിക്കടിയിലെ പാറയിലേക്ക് പൈൽ അടിക്കുന്ന കുഴിയിൽ നിന്നും വരുന്ന ചെളിയും, കരിമണലുമടങ്ങിയ മിശ്രിതം ജലസ്രോതസ്സിലേക്കൊഴുക്കി മലിനമാകുന്ന സ്ഥിതിയാണുള്ളത്.നെടുമ്പാശേരി വിമാനത്താവള കമ്പനിയായ സിയാലാണ് പാലങ്ങൾ നിർമിക്കുന്നത്. സിയാൽ അധികൃതരുമായി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ജലസ്രോതസ്സുകൾ മലിനമാകുന്നതിനെതിരെ പ്രതിഷേധം ഉയർന്നുവന്നിരുന്നു.

ഇതേതുടർന്ന് ഭൂമിക്കടിയിൽ നിന്നും പുറത്ത് വരുന്ന ചെളിനിറഞ്ഞ ദ്രാവകം തോട്ടിൽ ഒഴുക്കുകയില്ലെന്നും,മറ്റൊരു ഭാഗത്തേക്ക് ഇവ തിരിച്ചുവിടുമെന്നും ഉറപ്പുനൽകിയിരുന്നു.എന്നാൽ ഇതെല്ലാം കാറ്റിൽപറത്തി പ്രളയശേഷം ശുദ്ധജലം നിറഞ്ഞുകിടക്കുന്ന തോട്ടിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഇവയൊഴുക്കി മലിനമാക്കുകയാണ്. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് തോട് മലിനീകരണം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.