വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു

 

 

പെരുമ്പാവൂർ:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭരതന്നൂർ അരുൺ (30), ചെല്ലാനം അറയ്ക്കൽ വീട്ടിൽ ബോബി എന്ന് വിളിക്കുന്ന ബെൻഡൻസ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി നടത്തി ഫിൻലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.

ഉദ്യോഗാർത്ഥികൾക്ക് വ്യാജ വിസയും ടിക്കറ്റും നൽകിയാണ് തട്ടിപ്പ് . ഇത്തരത്തിൽ ലഭിച്ച വിസയും ടിക്കറ്റുമായി ഡൽഹിയിലെത്തി വിമാനത്താവളത്തിൽ എത്തിയവരാണ് കബളിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായവർ ചേർന്ന് എറണാകുളം റൂറൽ എസ്പി രാഹുൽ ആർ.നായർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ഡിവൈഎസ്പി ഹരിദാസന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോടനാട് സിഐയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡാണ് കേസ് അന്വേഷിച്ചത്. പ്രതികളെ റിമാൻറ് ചെയ്തു.