കാലടി ഇടവകയിൽ ദുഃഖവെള്ളിയാഴ്ച്ച സൈബർ ബന്ദ്

 

 

കാലടി:കാലടി സെന്റ് ജോർജ്ജ് പള്ളി ഇടവകയിൽ ദു:ഖവെള്ളി ദിവസത്തിൽ സൈബർ ബന്ദ് ആചരിക്കും.രാവിലെ 6 മുതൽ രാത്രി 9 വരെയാണ് സൈബർ ബന്ദാചരണമെന്ന് വികാരി ഫാ.ജോൺ പുതുവ പറഞ്ഞു.

വൈജ്ഞാനിക, സാമൂഹിക ജീവിതങ്ങളിൽ വിവര സാങ്കേതിക വിദ്യ വിസ്‌ഫോടനാത്മകമായ വളർച്ച സമ്മാനിച്ചിട്ടുണ്ട്.എന്നാൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയുടെ ദുരുപയോഗം മൂല്യബോധങ്ങളിൽ തകർച്ച ഉണ്ടാക്കി. കുടുംബ ബന്ധങ്ങളിലും ഇത്പ്രതിഫലിച്ചിട്ടുണ്ട്.ജീവിതതിരക്കുകളിൽ നിന്ന് അകന്ന് കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കാനും ദു:ഖവെള്ളി ദിനത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ ദു:ഖാചരണത്തിൽ മനസ്സുകൊണ്ടും, ശരീരം കൊണ്ടും പങ്കാളിയാകാനുമാണ് സൈബർ ബന്ദുകൊണ്ട് ഉദ്ദേശിക്കുന്നത്.

സൈബർ ബന്ദ് ആശയം കേരളം മുഴുവൻ പ്രചരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇടവക ഫാ.ജോൺ പുതുവ പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാൻ നിരവധി ബോധവത്ക്കരണ പരിപാടികൾ ഇതിനു മുൻപും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ആശയത്തിൽ പുതിയ പരിപാടികൾ ആവിഷ്‌ക്കരിക്കാനും പദ്ധതിയുണ്ടെന്ന് ഫാ.പുതുവ അറിയിച്ചു.