പുത്തൻപാനയുടെ പുനർ വായന വിശ്വാസികൾക്ക് വേറിട്ട അനുഭവമായി

 

 

കാലടി:ജർമ്മൻകാരനായ അർണോസ് പാതിരി രചിച്ച പുത്തൻപാനയുടെ പുനർ വായന കാലടി സെന്റ് ജോർജ്ജ് പള്ളിയിൽ വിശ്വാസികൾക്ക് വേറിട്ട അനുഭവമായി. അമ്പത് നോമ്പ് കാലത്ത് എല്ലാ ദിവസവും വൈകീട്ട് 6 ന് ആണ് ഇടവകാംഗങ്ങൾ ഒത്തുചേർന്ന് ദേവാലയത്തിൽ പുത്തൻ പാന വായന നടക്കുന്നത്. മുമ്പ് ക്രൈസ്തവ ദേവാലയങ്ങളിലും ഭവനങ്ങളിലും നോമ്പ് കാലത്ത് പുത്തൻ പാന വായന പതിവായിരുന്നു.

ആയിരത്തി അഞ്ഞൂറ് വരികളുള്ള പുത്തൻ പാനയിൽ പതിനാല് പാദങ്ങളാണുള്ളത് ഈശോയുടെ ജനനം മുതൽ മരണം വരെയുള്ള രംഗങ്ങളെ കാവ്യാത്മകമായി പുത്തൻ പാനയിൽ വിവരിച്ചിരിക്കുന്നു. പെസഹ നാളിൽ പന്ത്രണ്ടാം പാദമാണ് വിശ്വാസികൾ പള്ളിയിലും ഭവനങ്ങളിലും വായിക്കുക. കാലടി പള്ളിയിൽ ഈ അമ്പത് ദിവസവും വായനയ്ക്ക് പുറമെ പുത്തൻപാനയെക്കുറിച്ചുള്ള പഠനവും നടത്തുന്നുണ്ട്. പുതിയ തലമുറയിൽ ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമായിരുന്ന പുത്തൻപാനയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പുത്തൻപാനയുടെ പുനർ വായന നടത്തുന്നതെന്ന് ഇടവക വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.

പുത്തൻ പാനയുടെ മത്സരം യൂണിറ്റ് അടിസ്ഥാനത്തിൽ വിശുദ്ധ വാരത്തിന്റെ ആദ്യ ദിവസം പള്ളിയിൽ നടത്തുന്നുണ്ട്. എല്ലാ ദിവസവും നൂറുകണക്കിന് വിശ്വാസികൾ പുത്തൻ പാനയുടെ പുനർ വായനയിൽ പങ്കാളികളാകുന്നു. ജർമ്മൻകാരനായ അർണോസ് പാതിരി എന്ന വൈദീകൻ കേരളത്തിലെത്തി മലയാളവും സംസ്‌കൃവും പഠിച്ച് 1722 ൽ ആണ് പുത്തൻ പാന എന്ന ഈ കാവ്യം രചിച്ചത്.

മലയാളത്തിലെ ഏറ്റവും നല്ല കാവ്യങ്ങളിൽ ഒന്നായി പുത്തൻ പാന നിലനിൽക്കുന്നു നോമ്പ് കാലത്താണ് വീടുകളിൽ പുത്തൻ പാന വായിക്കുന്ന പതിവുള്ളത് പതിവുകൾ തെറ്റിക്കാതെ കാലടി പള്ളിയിലും പുത്തൻ പാനയുടെ പുനർവായന നടക്കുമ്പോൾ പുതിയ തലമുറയ്ക്ക് ഒരു ആത്മീയ അനുഭവമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഫാ. പുതുവ പറയുന്നു.