അത്താണി മാഞ്ഞാലിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി മോഷണം നടത്തായവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

 

 

നെടുമ്പാശേരി :അത്താണി മാഞ്ഞാലിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 90 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ വജ്രമാലയും 70,000 രൂപയും കവർന്ന കേസിൽ മോഷ്ടാക്കളെന്ന സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. സംഭവദിവസം കവർച്ച നടന്ന വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശമദ്യ കുപ്പിയുടെ ബ്രാന്റും സീരിയൽ നമ്പറും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് മദ്ധ്യവയസ്‌കരുടെ വീഡിയോ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്.

എന്നാൽ സിസിടിവി ദൃശ്യം ലഭിച്ച് മൂന്നാഴ്ച്ചയിലേറെ പിന്നിട്ടിട്ടും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നതാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലുവ ഡിസിആർബി സംഘത്തെ കുഴക്കുന്നത്.സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സിസിടിവി ദൃശ്യങ്ങൾ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ തിരിച്ചറിയാനായിട്ടില്ല.മദ്യം വിതരണം ചെയ്ത തൃശൂർ വെയർഹൗസിൽ നിന്നാണ് കുപ്പിയിലെ സീരിയൽ നമ്പർ പ്രകാരം ബാർ തിരിച്ചറിഞ്ഞത്. ഈ ബാറിൽ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യം ലഭിച്ചത്. ഇതിനിടയിൽ നിരവധി പേരെ പൊലീസ് സംശയത്തിന്റെ പേരിൽകസ്റ്റഡിയിലെടുത്തെങ്കിലും പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

ഫെബ്രുവരി 16നാണ് അത്താണി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം തനിച്ച് താമസിക്കുന്ന ഡോക്ടർ ഗ്രെസ് മാത്യുവിനെ ബന്ദിയാക്കി രണ്ടംഗ സംഘം കവർച്ച നടത്തിയത്. ചെങ്ങമനാട് പൊലീസ് നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയിട്ടും സൂചനകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ഡിസിആർബിക്ക് കൈമാറിയത്.ഡോക്ടറുടെ ഭർത്താവ് ഡോ.മാത്യു വിദേശത്തും ഏക മകൻ ഡോ.അജിത്ത് മുംബയിൽ മർച്ചന്റ് നേവിയിലുമാണ്. അർദ്ധരാത്രി അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ കവർച്ചാ സംഘം വീടിന്റെ പിൻഭാഗത്ത് കൂടി തന്നെ രക്ഷപ്പെടുകയായിരുന്നു.