മലയാറ്റൂർ കുരിശുമുടി തീർഥാടനം; ഒരുക്കങ്ങൾ പൂർത്തിയായി

 

 

മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും (താഴത്തെ പളളി) വിശുദ്ധവാരാചരണത്തിനും പുതുഞായർ തിരുനാളിനുമുളള ഒരുക്കങ്ങൾ പൂർത്തീയായതായി ഏപ്രിൽ 14 മുതൽ 21 വരെ വിശുദ്ധവാരാചരണവും, 25 മുതൽ 28 വരെ പുതുഞായർ തിരുനാളും, മെയ് മൂന്നു മുതൽ അഞ്ചു വരെ എട്ടാമിവും നടക്കും. തിരുനാൾ ദിവസങ്ങളിലും മറ്റു പ്രധാന ദിനങ്ങളിലും സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ പൊൻകുരിശ് എഴുന്നള്ളിക്കാനുള്ള സൗകര്യമുണ്ടാകും.

തീർഥാടകർക്കു സെന്റ് തോമസ് പളളിയിലും അടിവാരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മലയാറ്റൂർ പള്ളി മുതൽ കുരിശുമുടി വരെ ഈ വർഷവും ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കും. പ്രദേശത്ത് പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം ലംഘിച്ച് പ്ലസ്റ്റിക്ക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള, കർശന നടപടികൾ സ്വീകരിക്കും.

വൈദ്യസഹായം നൽകുന്നതിനു അടിവാരത്തും കുരിശുമുടിയിലും മുഴുവൻ സമയവും മെഡിക്കൽ വിഭാഗത്തിന്റെ സേവനം ഉണ്ടാകും. ഒന്നും പതിമൂന്നാം പീഡാനുഭവ സ്ഥലത്തും കുരിശുമുടിയിലും അത്യാവശ്യ ഘട്ടങ്ങളിൽ ഓക്‌സിജൻ നൽകുന്നതിനു മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാകും. രാത്രി കാലങ്ങളിൽ മലകയറുന്നതിനു വൈദ്യുത ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മണപ്പാട്ടുചിറയിൽ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

മിതമായ നിരക്കിൽ ഭക്ഷണവും വെളളവും ലഭ്യമാക്കുന്നതിനു പളളിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണ ശാലകൾ ആരംഭിച്ചിട്ടുണ്ട്. അടിവാരത്തും സമീപ പ്രദേശങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയുണ്ടാകും. തിരുനാളിനോടനുബന്ധിച്ചുളള സ്റ്റാളുകളിൽ ആവശ്യ സാധനങ്ങൾ മിതമായ വിലയിൽ വിൽക്കുന്നതിനുളള വിലവിവര പട്ടിക കുരിശുമുടി മുഴുവൻ സ്റ്റാളുകൾക്കും നൽകിയിട്ടുണ്ട്. വില നിലവാരം പ്രദർശിപ്പിക്കുകയും ചെയ്യും.

കുരിശുമുടിയിൽ വിശ്വാസികൾക്കു ദിവസവും നേർച്ചകഞ്ഞി വിതരണമുണ്ടാകും. വിശ്വാസികൾക്കു സെന്റ് തോമസ് പളളിയിൽ വിശ്രമിക്കുന്നതിനും മറ്റുമുളള സൗകര്യങ്ങൾ ഉണ്ടാകും. മുഴുവൻ സമയവും പോലീസ്, ഫയർഫോഴ്‌സിന്റെയും, വോളന്റീയർമാരുടെയും സേവനം ലഭ്യമാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തും.

അടിവാരത്തും മലയാറ്റൂർ പളളി പ്രദേശങ്ങളിലും ഭിഷാടനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്രധാന ദിവസങ്ങളിൽ വാഹനങ്ങൾക്കു വൺവേ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സെന്റ് ജോസഫ്‌സ് സ്‌കൂൾ, സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, വിമലഗിരി ന്യൂമാൻ അക്കാദമി, ഇല്ലിത്തോട് കിൻഫ്രാ, അച്ചൻപറമ്പ്, വാണിഭത്തടം എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി അറിയിച്ചെത്തുന്നവർക്കു സെന്റ് തോമസ് പളളിയുടെ സമീപമുളള പിൽഗ്രിം സെന്ററിൽ താമസ സൗകര്യം ലഭിക്കും.