എം എൽ എ മാരുടെ പര്യടനം ശനിയാഴ്ച്ച സമാപിക്കും

 

 

അങ്കമാലി : യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് വേണ്ടി യുഡിഎഫ് എംഎൽഎ മാർ നടത്തി വന്ന മണ്ഡല പര്യടനം ശനിയാഴ്ച്ച സമാപിക്കും. സ്ഥാനാർഥി പര്യടനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്നു ബെന്നി ബഹനാൻ ആശുപത്രിയിലായതിനെ തുടർന്ന് പ്രചാരണ ചുമതല എം എൽ എ മാർ ഏറ്റെടുക്കുകയായിരുന്നു. എം എൽ എ മാരായ റോജി എം ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണ്ഡല പര്യടനം നടന്നു വന്നത്.

എം എൽ എ മാരായ വി.പി.സജേന്ദ്രന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തിൽ വെളളിയാഴ്ച്ച കുന്നത്ത്‌നാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പുത്തൻകുരിശിൽ കാണിനാട് നിന്നാരംഭിച്ച പര്യടനം തിരുവാണിയൂർ, പൂത്തൃക്ക, ഐക്കാരനാട്, മഴുവന്നൂർ, ഐരാപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി. കെ പി സി സി സെക്രട്ടറി ടി.എം സക്കീർ ഹുസ്സൈൻ ഉദ്ഘാടനം ചെയ്തു.നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു എം എൽ എ മാരുടെ പര്യടനം. പൊള്ളുന്ന വെയിലത്തും വീട്ടമ്മമാരടക്കം നിരവധിപ്പേരാണ് എം എൽ എ മാരെ സ്വീകരിക്കാൻ ഓരോ സ്വീകരണ കേന്ദ്രത്തിലും കാത്തു നിന്നത്.

റോജി എം ജോൺ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി എന്നിവിടങ്ങളിൽ പര്യടനം നടന്നു. പ്രളയം ദുരിതം വിതച്ച മേഖലകളിൽ കൂടി നടന്ന പര്യടനത്തിനിടെ ദുരന്തത്തിനിരയായവർ എം എൽ എ മാരോട് ദുരിതങ്ങൾ വിവരിച്ചു. മലയാറ്റൂർ നടുവട്ടത്ത് വാഴക്കുല നൽകിയാണ് എംഎൽഎ മാരെ നാട്ടുകാർ സ്വീകരിച്ചത്.