ചാലക്കുടിയില്‍ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ച് ഇന്നസെന്റ്

 

 

ചാലക്കുടി: പൊരിവെയിലത്തും കൈക്കുഞ്ഞുങ്ങളുമായി കാത്തുനിന്ന അമ്മമാരുള്‍പ്പെടെയുള്ള സ്ത്രീകളുടെ വന്‍സാന്നിധ്യമായിരുന്നു ചാലക്കുടിയിലെ മൂന്നാംഘട്ട പര്യടനത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റിനെ വരവേറ്റത്. കുടിവെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നതെന്നും അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ വലിയ സന്തോഷത്തോടെ തന്നെ വരവേല്‍ക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

കാടുകുറ്റിയില്‍ എംപി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന തോട്ടത്തില്‍ക്കടവ് പദ്ധതി നിര്‍മാണം പുരോഗമിക്കുകയാണ്. 57 ലക്ഷം രൂപയാണ് ഇതിനു ചെലവാക്കുന്നത്. ചാലക്കുടി മണ്ഡലത്തിലെത്തന്നെ അതിരപ്പിള്ളിയിലെ പുളിയിലപ്പാറയില്‍ 69 ലക്ഷം രൂപ ചെലവിട്ട പദ്ധതി പൂര്‍ത്തിയായി. ഇതിനു പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന 58.61 കോടിയുടെ കോടശേരി-പരിയാരം-അതിരപ്പിള്ളി കുടിവെള്ള പദ്ധതി. കോടശ്ശേരി പഞ്ചായത്തിലെ നാഗത്താന്‍പാറയിലുള്ള 10 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിയ്ക്കാന്‍ കഴിഞ്ഞതും ചാലക്കുടി അണ്ടര്‍പ്പാസിന് 15 കോടി രൂപ അനുവദിപ്പിക്കാന്‍ കഴിഞ്ഞതുമാണ് ഈ മേഖലയിലെ മറ്റു നേട്ടങ്ങള്‍. 25 കോടിയുടെ എംപി ഫണ്ടില്‍ നിന്നു മാത്രം 6.40 കോടി രൂപ ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു.

പര്യടനം കക്കാട് എത്തിയപ്പോഴാണ് കെ. എം. മാണിയുടെ നിര്യാണവാര്‍ത്ത വന്നത്. മാണിസ്സാറിന്റെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് ഇന്നസെന്റ് പറഞ്ഞു. പ്രഗല്‍ഭനായ ഒരു ജനനേതാവിനെയാണ് മാണിസ്സാറിന്റെ മരണത്തിലൂടെ നഷ്ടമായതെന്നും ഇന്നസെന്റ് പറഞ്ഞു