ആലുവയിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പതിപ്പിച്ചിട്ടുള്ള സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തു

ആലുവ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ആലുവയിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പതിപ്പിച്ചിട്ടുള്ള സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തു. ആലുവ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസുകളിലെല്ലാം പതിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ളക്സുകളാണ് നീക്കം ചെയ്തത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് ബസുകളിലും വെബ്‌സൈറ്റുകളിലിലുമുള്ള പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യാനാണ് കമ്മീഷൻ 14ന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച നിർദ്ദേശം ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും സെക്രട്ടറിക്കും നൽകിയിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സർക്കാർ പരസ്യങ്ങൾ കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജാണ് പരാതി നൽകിയത്. സർക്കാർ പരസ്യമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഷോൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള പരസ്യം ബസുകളിൽ സ്ഥാപിച്ചിരുന്നത്. പൊതുനിരത്തുകളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതും വികസനപ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയർത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോൺ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.