മയക്കുമരുന്ന് ഗുളികകളുമായി വിദ്യാർത്ഥി പിടിയിൽ

ആലുവ: ആലുവയിൽ മയക്കുമരുന്ന് ഗുളികകളുമായി വിദ്യാർത്ഥി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം 100ലേറെ മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സുഹൃത്തും പിടിയിലായത്.ബ്രഹ്മപുരം പടിഞ്ഞാറെ എരിഞ്ഞേലിയിൽ അഷ്‌കർ അലി (20)നെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി. ശ്രീരാജ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഹരിവസ്തുവായ 50 നൈട്രോസിപാം ഗുളിക പിടിച്ചെടുത്തു.

അഷ്‌കറിന്റെ സുഹൃത്ത് ബ്രഹ്മപുരം പാടത്തികരയിൽ മാത്രക്കാട്ടിൽ ഷിറാസ് നിഷാദിനെ 100 നൈട്രോസ്പാം ഗുളികളുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നിഷാദ് ഡിപ്‌ളോമ വിദ്യാർത്ഥിയും അഷ്‌കർ സാങ്കേതിക വിദ്യാർത്ഥിയുമാണ്. ആലുവയിലും പരിസരങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി മരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഷിറാസും അഷ്‌ക്കറും. ഏറെ നാളായി മയക്കുമരുന്ന് വിപണനത്തിൽ ഇരുവരും പങ്കാളികളാണെങ്കിലും പിടിയിലാകുന്നത് ആദ്യമാണ്.

ഇവരുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധനയിൽ വിദ്യാർത്ഥിനികളും വീട്ടമ്മമാരും വരെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ചിട്ടുള്ള സൂചന. പ്രതികളിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ചെറുപ്പക്കാർക്കിടയിൽ ലഹരി ഗുളികയുടെ ആശങ്കാജനകമായ വർദ്ധനവിന്റെ സൂചനയാണെന്നും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളേക്കാൾ എളുപ്പം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതിനും അറിയാത്ത തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമാണ് ഇത്തരം ലഹരിലേക്ക് യുവാക്കൾ തിരിയുന്നതിന്റെ കാരണമെന്നും എക്‌സൈസ് സംഘം പറയുന്നു.

പെൺകുട്ടികളും വിദ്യാർത്ഥികളും  ഇവ പ്രതിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മരുന്ന് കമ്പനികളുടെ മറവിൽ ഇത്തരം ഗുളികകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ഡോക്ടറുടെ കുറിപ്പടി പ്രകാരം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്ന ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകാർ ദുരുപയോഗം ചെയ്യുന്നതായും പ്രതികളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അത്തരം മെഡിക്കൽ ഷോപ്പുകൾ നിരീക്ഷിച്ച് നടത്തി നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

50 നൈട്രോസിപാം ഗുളികകൾ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവ് കിട്ടുന്ന കുറ്റമാണ്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജയ്മാത്യു, രംപ്രസാദ്, ജയൻ, സി.ഇ.ഒ മാരായ പി.എക്‌സ്. റൂബൻ, അരുൺ കുമാർ, സിദ്ധാർത്ഥ കുമാർ, ബിജു, ചിത്തിര എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.