വാച്ചൽ പാടശേഖരം നികത്താനും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുമുളള ശ്രമങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മൊ

പെരൂമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ 15,16,17 വാർഡുകളിൽപ്പെട്ട 30 എക്കറോളം വരുന്ന വാച്ചൽ പാടശേഖരം നികത്താനും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുമുളള ശ്രമങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മൊ. കേരള നെൽവയൽ –തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം എർപ്പെടുത്തിയത്. 25 എക്കറോളം വരുന്ന പാടശേഖരമാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിട്ട് നികത്താനായി ശ്രമിച്ചത്‌.

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആർ.ഡി.ഒ, തഹസിൽദാർ, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം മാറിയതോടെയാണ് വീണ്ടും നികത്തൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ജനറേറ്ററും, ഷീറ്റുകളും, ഇരുമ്പ് പെപ്പുകളുമായി എത്തിയ സംഘം ജനപ്രതിനിധികളുടെ മുന്നിൽ വച്ച് പ്രദേശവാസികളെ അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തിരുന്നു. ആറ് ലോഡ് മണ്ണ് അടിക്കുകയും ചെയ്തു. രണ്ടാഴ്ച്ച മുമ്പ് നാല് ലോഡ് മണ്ണ് ഇവിടെ അടിച്ചിരുന്നു. തുടർന്ന് മൂന്ന് വാർഡ് മെമ്പർമാരായ ഉഷാദേവി, മേഴ്സി പൗലോസ്, ജെസി ഷിജി എന്നിവരുടെയും, വിവിവധ റസിഡൻ്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ വാച്ചാൽ പാടശേഖര സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തകൻ വർഗീസ് പുല്ലുവഴി പങ്കെടുത്ത പ്രതിഷേധ യോഗവും നടത്തിയിരുന്നു.

വർഷങ്ങളായി ഉടമസ്ഥനില്ലാതെ കിടക്കുന്ന ഭൂമിയാണിത്. ഭൂമി വില കുതിച്ച് ഉയർന്നപ്പോൾ പല തവണ വില്പന നടന്ന ഈ ഭൂമി ഇപ്പോൾ രാജസ്ഥാൻ സ്വദേശിയുടെ പേരിലാണ് എന്നാണ് രേഖകളിൽ കാണുന്നത്. ഗോഡൗൺ നിർമ്മിക്കാനാണ് നിലം നികത്തുന്നത് എന്നാണ് പറയുന്നത്. പ്രളയകാലത്ത് 20 അടിയോളം വെളളം ഉയർന്ന പ്രദേശമാണിത്. ഭൂമിയുടെ യഥാർത്ഥ അവകാശിയെ കണ്ട് എത്തണമെന്നും, നിലം നികത്തലും, അനധികൃത നിർമ്മാണങ്ങളും തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാച്ചാൽ പാടശേഖര സംരക്ഷണ സമിതി വകുപ്പ് മന്ത്രിക്കും, കലക്ടർക്കും, മൂവാറ്റുപുഴ ആൽ.ഡി.ഒക്കും, റൂറൽ പോലീസ് ചീഫിനും നിവേദനം നല്കിയിട്ടുണ്ട്.