യൂത്ത് കോൺഗ്രസ്സ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീരസ്മൃതി സംഗമം നടത്തി

ശ്രീമൂലനഗരം : കൊലചെയ്യപ്പെട്ട കൃപേഷ്, ശരത്‌ലാൽ, ശുഹൈബ് എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് വാളല്ല എൻ സമരായുധം എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് കൊലപാതക അക്രമ രാഷ്ട്രീയത്തിനെതിരായുള്ള ജനകീയ മുന്നേറ്റമായി യൂത്ത് കോൺഗ്രസ്സ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീരസ്മൃതി സംഗമവും പ്രകടനവും നടത്തി. കൊടും ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്ന സിപിഐ(എം) പ്രസ്ഥാനത്തെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തേണ്ട സമയമായെന്നും, ആശയത്തെ ആശയം കൊണ്ട് നേരിടാൻ സാധിക്കാതെ വരുമ്പോഴാണ് മാർക്‌സിറ്റുകാർ ആയുധം എടുക്കുന്നതെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അൻവർ സാദത്ത് എം.എൽ.എ. പറഞ്ഞു.

യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലിന്റോ പി. ആന്റു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയംഗം ഹാരീസ് ബാബു വയനാട് മുഖ്യപ്രഭാഷണം നടത്തി. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന് പ്രകടനവും ധീരസ്മൃതി സംഗമത്തിന് മുന്നോടിയായി ശ്രീമൂലനഗരം ജംഗ്ഷനിൽ നടന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ വിവിധ വാഹനാപകടങ്ങളിലായി ശ്രീമൂലനഗരത്ത് മരണപ്പെട്ട വഅഞ്ചു ചെറുപ്പക്കാരായ റഫ്‌സൽ, ശിഹാബ്, ജിൻസ്, നന്ദു, അനിൽ എന്നിവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് ധീര സ്മൃതി സംഗമം ആരംഭിച്ചത്.

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന വേണു, ശിവൻ എന്നിവരെ ചടങ്ങിൽ സ്വീകരിച്ചു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് അഡ്വ. പി.ബി. സുനീർ, സംസ്ഥാന സെക്രട്ടറി കെ.എസ്. ബിനീഷ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ വർഗ്ഗീസ്, കെ.എസ്.യു. സംസ്ഥാന ഭാരവാഹികളായ എ.എ. അജ്മൽ, പി.എച്ച. അസലാം. യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ ദാസ്, നെൽസൺ പുളിക്ക, ജോബി ടി.വി., പി.എം. ഷജീർ, അജാസ് പി.എച്ച്, കെ.സി. മാർട്ടിൻ, പി.സി. സുരേഷ്‌കുമാർ, കെ.എ. ജോണി, പി.കെ. സിറാജ് തുടങ്ങിയവർ സംസാരിച്ചു.