സംസ്‌കൃത സർവകലാശാല രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ വിരമിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ സർവകലാശാല സേവനത്തിൽ നിന്നും വിരമിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എൻ.എസ്.എസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ 6 വർഷത്തോളം അദ്ധ്യാപകനായും, 21 വർഷത്തോളം വിഭാഗാദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. തുടർന്ന് 2014 ൽ സർവകലാശാലയിലെ രജിസ്ട്രാറായി നിയമിതനായി. കേരളത്തിൽ ആദ്യമായി നാക് എ ഗ്രേഡ് കരസ്ഥമാക്കിയ സർവകലാശാല എന്ന പദവി സംസ്‌കൃത സർവകലാശാലയ്ക്ക് നേടി കൊടുക്കുന്നതിൽ ഡോ. ടി. പി. രവീന്ദ്രൻ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ അദ്ദേഹം കലാസാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ അറിയപ്പെടുന്ന സംഘാടകനാണ്. 2002 ൽ ഇന്ത്യയിലെ മികച്ച എൻ.സി.സി ഓഫീസർക്കുള്ള പുരസ്‌കാരം ലഭിച്ചു. സർവ്വകലാശാല സമൂഹം അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. എസ്. രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉപഹാരം സമ്മാനിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒൻപത് സർവകലാശാലകളിലെ ഉന്നത തസ്തികകളായ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരുടെ നിയമനവ്യവസ്ഥ പരിഷ്‌കരിച്ച് ഓർഡിനൻസ് വന്നതോടെയാണ് സ്ഥാനം ഒഴിഞ്ഞത്. സർവകലാശാല സിൻഡിക്കേറ്റ് മെമ്പറും, സംസ്‌കൃത വ്യാകരണ വിഭാഗം പ്രൊഫസറുമായ ഡോ. എം. മണിമോഹനൻ രജിസ്ട്രാറുടെ താത്ക്കാലിക ചുമതല ഏറ്റെടുത്തു.