അന്ന് ഞാൻ വെറും ഇന്നസെന്‍റ്, ഇന്ന് സഖാവ് ഇന്നസെന്‍റ്

അങ്കമാലി: കഴിഞ്ഞ തവണ തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വെറും ഇന്നസെന്‍റ് ആയിരുന്നെന്നും ഇന്ന് താൻ സഖാവ് ഇന്നസെന്‍റാണെന്നും ചാലക്കുടി പാർലമെന്‍റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി ഇന്നസെന്‍റ് പറഞ്ഞ‌ു.  അങ്കമാലിയിൽ നടന്ന എൽഡിഎഫ് പാർലമെന്‍റ് മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെന്‍ഷനിൽ പ്രസംഗിക്കുകയായിരുന്നു ഇന്നസെന്‍റ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ തന്‍റെ ചിഹ്നം കുടം ആയിരുന്നെന്നും ഇത്തവണ സിപിഎം പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രമാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ ഒരു സിനിമ നടൻ എന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂവെങ്കിൽ ഇത്തവണ 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ കൊണ്ടു വരാനായത് അഭിമാനത്തോടെ പറയാനുണ്ടെന്നും ഇന്നസെന്‍റ് പറഞ്ഞു.

സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യക്കാരന്‍റെ നിലനിൽപിന് വേണ്ടിയുള്ള തെരെഞ്ഞെടുപ്പാണ് ഈ വരുന്ന തെരെഞ്ഞെടുപ്പെന്ന് കെ. കൃഷ്ണൻകുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യക്കാരനെന്നു തെളിയിക്കാൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ട അവസ്ഥയാണ് നാട്ടിൽ. മോദി സർക്കാരിന്‍റെ കീഴിൽ രാജ്യത്തെ കൃഷിയും വ്യവസായവും തകർന്നു.തൊഴിലില്ലായ്മ വർധിച്ചുയ ചെറുകിടക്കാർ കടക്കെണിയിലായെന്നും മന്ത്രി. ബിജെപി സർക്കാർ കൊണ്ടു വരുന്ന ആർസിപി കരാർ വഴി രാജ്യത്തെ പാലുത്പാദനം തകരും. പാൽപൊടി ഇറക്കുമതി ചെയ്തു പാലാക്കി വിൽക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നിലവിൽ റബ്ബർ കർഷകർ അനുഭവിക്കുന്ന സ്ഥിതിയിലേക്ക് മറ്റു കാർഷിക മേഖലകളും എത്തുമെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു.

കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ കൺവെൻഷനെ അഭിസംബോധന ചെയ്തു. മോദി ഭരണം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് അജണ്ടയാണ് മോദി നടപ്പാക്കുന്നത്. ജനങ്ങളെ ഛിന്നഭിന്നമാക്കാൻ ആസൂത്രിത സ്രമം നടക്കുകയാണ്. വർഗീയധ്രുവികരണവും സമ്പത്തിന്‍റെ കേന്ദ്രീകരണവും മോദി സർക്കാരിന്‍റെ കീഴിൽ ശക്തമായി നടക്കുന്നു. കോൺഗ്രസ് തുടങ്ങിയ നയങ്ങളാണ് ബിജെപി അതിശക്തമായി നടപ്പാക്കുന്നതെന്നും സുനിൽകുമാർ. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനവും ഈ തെരെഞ്ഞെടുപ്പിൽ വിഷയമാക്കണ‌മെന്ന് സുനിർകുമാർ ആവശ്യപ്പെട്ടു.

പ്രള‍യത്തിൽ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ മുക്കികൊല്ലാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തു തോൽപിക്കുന്ന ബദൽ വികസനം നടപ്പാക്കുന്ന കേരള സർക്കാരിനെ ലോകം ഉറ്റു നോക്കുകയാണെന്നും സുനിൽകുമാർ പറഞ്ഞു. കേരളത്തിൽ മാത്രം കർഷകന് 19000കോടിയുടെ നഷ്ടം ഉണ്ടായിട്ടും കേന്ദ്രം ചില്ലിക്കാശ് നൽകിയില്ലെന്നും മന്ത്രി വിമർശിച്ചു. മരണത്തെ നർമംകൊണ്ട് തോൽപിച്ചയാളാണ് ഇന്നസെന്‍റ് എന്നും സുനിൽകുമാർ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാരാണ് ഉണ്ടാകാൻ പോകുന്നതെന്ന് മന്ത്രി എം.എം മണി.2004 ലേതു പോലെ മികച്ച സർക്കാരായിരിക്കും അതെന്നും മണി. ആ സർക്കാരിന്‍റെ കാലത്താണ് വിവരാവകശ നിയമവും, തൊഴിലുറപ്പ് പദ്ധതിയും വനാവകാകശ നിയമവും കാർഷിക കടം എഴുതിത്തള്ളിയതും നടന്നെതെന്ന് ഓർക്കണമെന്നും മണി.ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം പുലരാനും സ്ത്രിപുരുഷ സമത്വം ഉറപ്പാക്കാനും മോദി സർക്കാരിനെ പുറത്താക്കണെമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ഹിന്ദു ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയു എന്നും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലന്നും മന്ത്രി എം.എം മണി സൂചിപ്പിച്ചു.

സിപിഐ നേതാവും മുൻ എംഎൽഎയുമായ എ.കെ. ചന്ദ്രൻ അധ്യക്ഷനായി. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായ കെ.ചന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു. മുൻ മന്ത്രി ജോസ് തെറ്റയിൽ, എംഎൽഎ മാരായ ബി.ഡി. ദേവസി, ടൈസൺ മാസ്റ്റർ, സിപിഎം നേതാക്കളായ ബേബി ജോൺ, സി.എൻ. മോഹനൻ, സിപിഐ നേതാക്കളായ പി. രാജു, കെ.കെ. അഷ്റഫ്, എൻസിപി നേതാവ് പീതാംബരൻ മാസ്റ്റർ മറ്റ് കക്ഷി നേതാക്കളായ ഫ്രാൻസിസ് ജോർജ്, എം.വി.മാണി, എൻ. സി തങ്കപ്പൻ, മാത്യൂസ് കോലഞ്ചേരി , ടെൽക് ചെയർമാൻ എൻ.സി മോഹനൻ, എഫ്ഐടി ചെർമാൻ ടി.കെ.മോഹനൻ, അങ്കമാലി മുൻസിപ്പൽ ചെയർപേഴ്സൺ എം.എ ഗ്രേസി, കാലടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.തുളസി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ തുടങ്ങിയവർ പങ്കെടുതത്ു.