തേക്ക് മരം വെട്ടിമാറ്റിയത് നിയമപ്രകാരം:ടി.പി ജോർജ്ജ്

കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ പനയാലിയിൽ വൃദ്ധസദനം നിർമ്മിക്കുന്നതിന്റെ ഭാഗമായി
തടസ്സമായി നിൽക്കുന്ന തേക്ക് മരം വെട്ടിമാറ്റിയത് നിയമപ്രകാരമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി ജോർജ്ജ് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് വൃദ്ധസദനം നിർമ്മിക്കുന്നത്.പഞ്ചായത്തിന്റെ സ്ഥലത്താണ് വൃദ്ധസദനം നിർമ്മിക്കുന്നത്.

വെള്ളപ്പൊക്കത്തിൽ ശക്തിയായ ഒഴുക്കിൽ തേക്കിന്റെ അടിവശത്തെ മണ്ണ് ഒലിച്ചു പോവുകയും ഏതു സമയത്തും മറിഞ്ഞ് വീണ് പരിസരവാസികൾക്ക് ഭീഷണിയായി നിൽക്കുകയായിരുന്നു.കെട്ടിടം പണിയുന്നതിന് അടിത്തറ എടുത്തപ്പോൾ മരം ചാഞ്ഞ് വീഴുമെന്നുള്ള അവസ്ഥവന്നപ്പോൾ പഞ്ചായത്ത് കമ്മിറ്റി തേക്ക് വെട്ടിമാറ്റാൻ തീരുമാനിച്ചു.അതനുസരിച്ച് തേക്ക് വെട്ടിമാറ്റുകയായിരുന്നു.തേക്കിന്റെ വില നിശ്ചയിക്കാൻ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട് മെന്റിനോടും ഫോറസ്റ്റ് അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അവർ നിശ്ചയിക്കുന്ന വില അനുസരിച്ച് നോട്ടീസിട്ട് പൊതുജനങ്ങളെ അറിയിച്ച് തേക്ക് ലേലം ചെയ്യും.വിറ്റ് കിട്ടുന്ന തുക പഞ്ചായത്തിൽ അടയ്ക്കുമെന്നും വൃദ്ധസദനം എത്രയും വേഗം പണി പൂർത്തിയാക്കി സാധാരണക്കാരായ വൃദ്ധജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പദ്ധതി നടപ്പിലാക്കാൻ തുടങ്ങുമ്പോൾ ചില തൽപ്പര കക്ഷികൾ അനാവശ്യ പ്രചരണവുമായിവന്ന് പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സം നിൽക്കരുതെന്ന് ടി.പി ജോർജ്ജ് ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോളാണ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.