മുൻ എംഎൽഎ ജോസ് തെറ്റയിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി റോജി എം ജോൺ എംഎൽഎ

ബഹു. അഡ്വ. ജോസ് തെറ്റയില്‍ (Ex. MLA)

അങ്ങ് അങ്കമാലിയുടെ എം.എല്‍.എ ആയിരുന്ന കാലഘട്ടത്തില്‍ അനുവദിച്ച നാല് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം സംബന്ധിച്ചുള്ള സംശയനിവാരണത്തിനായുള്ള അങ്ങയുടെ തുറന്ന കത്ത് മാധ്യമങ്ങളിലൂടെ കണ്ടു. ഞാന്‍ എം.എല്‍.എ ആയി രണ്ടര വര്‍ഷത്തിനിടയില്‍ നമ്മള്‍ തമ്മില്‍ നിരവധി അവസരങ്ങളില്‍ നേരില്‍ കാണുകയും, പല വിഷയങ്ങളെ സംബന്ധിച്ചും സംസാരിച്ചിട്ടുണ്ടെങ്കിലും, ഇക്കാലയളവില്‍ ഒരിക്കല്‍പോലും എന്നോട് നേരിട്ട് ഇക്കാര്യങ്ങള്‍ ഒന്ന് ചോദിക്കുവാനോ, പരാമര്‍ശിക്കുവാനോ അങ്ങ് തയ്യാറായിട്ടില്ലെങ്കിലും, ഇപ്പോഴത്തെ അങ്ങയുടെ “തുറന്ന കത്ത്” ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. മാത്രവുമല്ല ഈ വിഷയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരു അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്.അങ്ങ് ഉന്നയിച്ച വിഷയങ്ങളുടെ മറുപടിയും അനുബന്ധ രേഖകളും ഇതോടൊപ്പം ചേര്‍ക്കുന്നു.

1. കാലടിയില്‍ പെരിയാറിന്‍റെ തീരത്ത് ശ്രീ ശങ്കരാ പാര്‍ക്ക് : അങ്ങ് ശുപാര്‍ശ ചെയ്ത് തുക അനുവദിച്ച പദ്ധതി പ്രായോഗികമല്ലെന്നും സാങ്കേതികമായി നടപ്പില്‍ വരുത്താന്‍ സാധിക്കില്ലെന്നും, ആയതിനാല്‍ ഈ പദ്ധതി ഒഴിവാക്കി പകരം പദ്ധതികള്‍ക്ക് അനുമതി നല്‍കണം എന്നും ആവശ്യപ്പെട്ട് കാലടി പഞ്ചായത്ത് ഭരണസമിതി 31.07.2017 ലെ അജണ്ട നമ്പര്‍.3 പ്രകാരമുള്ള തീരുമാനം കൈക്കൊണ്ടു. എല്‍.ഡി.എഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിന്‍റെ പ്രസിഡന്‍റും, എല്‍.ഡി.എഫിന്‍റെ ഒരു മുതിര്‍ന്ന നേതാവുമായ അഡ്വ. കെ. തുളസിടീച്ചര്‍ ഇത് രേഖാമൂലം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?. എന്നാല്‍ ഈ അപേക്ഷ ഒരു നിയമസഭാംഗം ശുപാര്‍ശ ചെയ്ത് ഭരണാനുമതി നല്‍കിയ പദ്ധതി മാറ്റാന്‍ ചട്ടപ്രകാരം കഴിയില്ല എന്ന കാരണത്താല്‍, നിരാകരിച്ചത് ബഹു. ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കാണ്. അപ്പോള്‍, സാങ്കേതികമായി നടപ്പിലാക്കാന്‍ സാധിക്കില്ല എന്ന് അങ്ങയുടെ മുന്നണി ഭരിക്കുന്ന കാലടി പഞ്ചായത്ത് ഭരണസമിതി തന്നെ പറയുമ്പോള്‍, അത്തരമൊരു പദ്ധതി ശുപാര്‍ശ ചെയ്ത് 100 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് 10 വര്‍ഷം എം.എല്‍.എയും മന്ത്രിയുമായിരുന്ന അങ്ങേക്ക് ഞാന്‍ പ്രത്യേകം പറഞ്ഞു തരേണ്ടതുണ്ടോ?.

2. മലയാറ്റൂര്‍ മണപ്പാട്ട്ചിറയ്ക്ക് സമീപമുള്ള കൗതുക പാര്‍ക്ക്: ഈ പദ്ധതിക്ക് 06.08.2015 നാണ് ഭരണാനുമതി ലഭിച്ചത്. ഭരണാനുമതി ലഭിച്ച അന്നുമുതല്‍ 31.03.2016 വരെ അങ്ങ് തന്നെ ആയിരുന്നു എം.എല്‍.എ. ഈ പദ്ധതിക്ക് അനുവദിച്ച adf ഫണ്ട് ലഭിച്ചിട്ടില്ല എന്നും, ഫണ്ടിനെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ നിര്‍വ്വഹണം നിലച്ചതാണെന്നും കാണിച്ച് ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. അങ്ങ് തന്നെ താല്‍പ്പര്യമെടുത്ത് പദ്ധതിയുടെ നിര്‍വ്വഹണം kel എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചു. തുക അനുവദിച്ച് എട്ട് മാസക്കാലം അങ്ങ് എം.എല്‍.എ ആയി തുടര്‍ന്നെങ്കിലും പദ്ധതി നിര്‍വ്വഹണത്തിന് ചട്ടപ്രകാരം ആവശ്യമായ ടൂറിസം വകുപ്പും – kel ഉം തമ്മിലുള്ള കരാറുപോലും ഒപ്പിടാതെ, ഫണ്ട് കൈമാറ്റം ചെയ്യാതെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ 2016 മാര്‍ച്ചില്‍ പണി ആരംഭിച്ചു. നടപടികള്‍ പാലിച്ചിട്ടില്ലെങ്കിലും പണി തുടങ്ങാന്‍ kel നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഫണ്ട് ലഭ്യമാകാത്തതിനാല്‍ kel പണി നിര്‍ത്തിവച്ചു. എന്തായാലും പദ്ധതികള്‍ ഒന്നും മുടങ്ങിപ്പോകരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ പ്രസ്തുത പദ്ധതിക്ക് ആവശ്യമായ തുക ടൂറിസം വകുപ്പില്‍ നിന്ന് അനുവദിച്ച് തരണം എന്ന് ആവശ്യപ്പെട്ട് ഡി.റ്റി.പി.സി മുഖേന പുതുക്കിയ പ്രൊപ്പോസല്‍ നിലവില്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കയാണ്. സര്‍ക്കാര്‍ ഇത് അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഞാന്‍ എം.എല്‍.എ ആയി വന്നതിനുശേഷം മണപ്പാട്ടുചിറയോട് ചേര്‍ന്ന് മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനായി സംസ്ഥാന ടൂറിസം വകുപ്പ് വഴി അനുവദിച്ച 2.30 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ് എന്നുള്ള വിവരം ഇത്തരുണത്തില്‍ അങ്ങയെ അറിയിക്കട്ടെ. എം.എല്‍.എ ഫണ്ട് വിനിയോഗത്തില്‍ നിയമാനുസരണം പാലിക്കേണ്ട നടപടികള്‍ യഥാ സമയം പാലിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ എന്താണെന്നും വ്യക്തമാക്കാന്‍ ഇത് ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം.

3. മുല്ലശ്ശേരി പാലം: പ്രസ്തുത പ്രവര്‍ത്തിയുടെ നിര്‍വ്വഹണത്തിനുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിംങ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഒരു കാര്യം സൂചിപ്പിക്കട്ടെ, 20 മീറ്റര്‍ വീതിയുള്ള തോടിന് കുറുകെ അങ്ങ് പണിയാന്‍ നിര്‍ദ്ദേശിച്ച പാലം കേവലം 11.5 മീറ്റര്‍ നീളത്തിലാണ്. അതായത് ബാക്കി ഭാഗം മുഴുവന്‍ തോടിന്‍റെ നീരൊഴുക്ക് തടസ്സപ്പെടുത്തി മണ്ണിട്ട് നികത്തി പണിയുവാനാണ് പദ്ധതി വിഭാവനം ചെയ്തത്. ഇത് വെള്ളപ്പൊക്കമൊ, പ്രളയമൊ ഉണ്ടായാല്‍ ആപത്താകും എന്ന് തദ്ദേശവാസികള്‍ തന്നെ ചൂണ്ടിക്കാട്ടിയത് അങ്ങേക്ക് അറിവുള്ളതായിരിക്കുമല്ലൊ. ജനങ്ങളുടെ ആശങ്ക ഇക്കഴിഞ്ഞ പ്രളയത്തില്‍ സാധൂകരിക്കുകയും ചെയ്തു. ഒരു തോടിന് കുറുകെ പാലം പണിയുമ്പോള്‍ ആ തോടിന്‍റെ മുഴുവന്‍ വീതിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്താതെ പാലം പണിയണം എന്നാണ് എന്‍റെ പരിമിതമായ അറിവില്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത് തന്നെയാണ് നിര്‍വ്വഹണ ചുമതലയുള്ള പി.ഡബ്ലു.ഡി എഞ്ചിനീയര്‍മാരും, നാട്ടുകാരും പറയുന്നതും. എന്തുകൊണ്ടാണ് അങ്ങ് 20 മീറ്റര്‍ വീതിയുള്ള തോടിന് 11.5 മീറ്റര്‍ മാത്രം നീളമുള്ള പാലം പണിയാന്‍ തുക അനുവദിച്ചത് എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. അപ്പോള്‍ ഇത് മുടങ്ങിക്കിടക്കുന്നതിന്‍റെ ഉത്തരവാദി ആരാണെന്ന് എല്ലാവര്‍ക്കും വ്യക്തമാകും.

4. പുലിത്തൂക്കി പാടം റോഡ്: ഈ പ്രവര്‍ത്തി നിര്‍വ്വഹിക്കേണ്ടത് നിലം നികത്തി ആയതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നും, സാങ്കേതികമായി തടസ്സമുണ്ടെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇതിന് പ്രത്യേക അനുമതിക്കായി സംസ്ഥാനതല നിരീക്ഷണ സമിതിയുടെ (slmc) അനുവാദത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച് തുറവൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വളരെ നേരത്തെ തന്നെ ബന്ധപ്പെട്ടവര്‍ കത്ത് നല്‍കിയ വിവരവും ഇവിടെ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. സാധാരണ നിലയില്‍ എം.എല്‍.എ ഫണ്ടില്‍ പ്രവര്‍ത്തികള്‍ അനുവദിക്കുന്നത് ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭരണാനുമതി ലഭ്യമായാല്‍ ഫണ്ട് നഷ്ടപ്പെടാതെ പണി ആരംഭിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉറപ്പുവരുത്തിയിട്ടാണ്. മാത്രവുമല്ല, തുക അനുവദിച്ച 15.05.2015 മുതല്‍ ഏകദേശം 10 മാസക്കാലം അങ്ങ് എം.എല്‍.എ ആയിരുന്നല്ലൊ?. ഈ നടപടികള്‍ ആ കാലയളവില്‍ എന്തുകൊണ്ട് അങ്ങേക്ക് പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല?. എന്തായാലും നിലം നികത്താനുള്ള അനുവാദം സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍ പുലിത്തുക്കി പാടം റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.

അങ്ങ് പരാമര്‍ശിച്ച എല്ലാ പ്രവര്‍ത്തികളും ഇന്നത്തെ അവസ്ഥയിലായത് എം.എല്‍.എ ഫണ്ട് വിനിയോഗത്തില്‍ ഒരു എം.എല്‍.എ പാലിക്കേണ്ട ചട്ടപ്രകാരവും, നിയമപ്രകാരവുമുള്ള നടപടികള്‍ ക്യത്യമായി പാലിക്കാത്തതു കൊണ്ടാണ്. എം.എല്‍.എ ഫണ്ട് ആയാലും, സര്‍ക്കാര്‍ ഫണ്ട് ആയാലും ഈ നാട്ടിലെ ജനങ്ങളുടെ പണമാണത്. അത് വിനിയോഗിക്കുമ്പോള്‍ അവധാനതയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട ജന പ്രതിനിധികള്‍ക്ക് കഴിയണം.

അങ്ങയുടെ കാലത്ത് പണികഴിച്ചിച്ച അങ്കമാലി-മഞ്ഞപ്ര റോഡ് പണികഴിപ്പിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് തരിപ്പണമായി. നല്ല മഴയത്ത് അങ്ങ് പ്രത്യേക താല്‍പ്പര്യമെടുത്താണ് റോഡ് പണി കഴിപ്പിച്ചത് എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മഴയത്ത് റോഡ് ടാറ് ചേയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ചിലര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍, “ഇത് മഴയത്ത് ടാറ് ചെയ്യുന്ന ടേക്നോളജിയാണ്” എന്ന് ജനങ്ങളോട് പറഞ്ഞിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിര്‍മ്മാണത്തിലെ അപാകതമൂലം പ്രസ്തുത റോഡ് കേസില്‍പ്പെട്ട് ഒരു തുകപോലും അനുവദിക്കാന്‍ കഴിയാതെ ജനങ്ങള്‍ക്കും, നമ്മുടെ നാടിനും ഒരു ശാപമായി മാറി.

എന്തായാലും, പൊതുമരാമത്ത് വകുപ്പിന്‍റെയും കോടതി കേസിന്‍റെയും നൂലാമാലകള്‍ അഴിച്ച് ഈ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ പണിയുവാന്‍ ഇപ്പോള്‍ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പ്രത്യേക താല്‍പ്പര്യമെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാടുള്ള നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. എം.എല്‍.എ ഫണ്ട്/സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തില്‍ നമ്മള്‍ പാലിക്കേണ്ട മുന്‍കരുതല്‍ ഉണ്ടായിട്ടില്ലെങ്കില്‍ സംഭവിക്കുന്ന പാളിച്ചകള്‍ ചൂണ്ടിക്കാണിക്കാനായി സൂചിപ്പിച്ചു എന്നുമാത്രം. അങ്ങ് നിര്‍ദ്ദേശിച്ച ഫണ്ടുകളും, പ്രവര്‍ത്തികളും വകമാറ്റുവാനോ ഏതെങ്കിലും തരത്തിലുള്ള തടസ്സം സ്യഷ്ടിക്കുവാനോ ഞാന്‍ മുതിര്‍ന്നിട്ടില്ല. മണ്ഡലത്തിലെ പൂര്‍ത്തീകരിക്കേണ്ടതായ പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിക്കുകയും മേല്‍ സൂചിപ്പിച്ച സാങ്കേതിക സടസ്സങ്ങള്‍ പരിഹരിച്ച് എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നല്‍കിയിട്ടുള്ളത്.

അങ്ങ് തുടക്കം കുറിച്ചതും പൂര്‍ത്തീകരിച്ചതുമായ ഒരു പദ്ധതിയും ഞാന്‍ മാറ്റി മറിക്കുകയോ ഒഴിവാക്കുകയോ ചെയ്യില്ല. അത് എക്കാലവും അങ്ങയുടെ പേരില്‍ നിലനില്‍ക്കുക തന്നെ ചെയ്യും.ഈ വിഷയങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, സംശയദുരീകരണത്തിനും അവസരം നല്‍കിയതിലുള്ള സന്തോഷവും, നന്ദിയും ഒരിക്കല്‍കൂടി രേഖപ്പെടുത്തിക്കൊണ്ടും, പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ടും നിര്‍ത്തട്ടെ.

സ്നേഹാദരങ്ങളോടെ,
Sd/-
റോജി എം. ജോണ്‍

NB: അങ്ങയുടെ കത്ത് സമൂഹമാധ്യമങ്ങള്‍ വഴിയാണ് എനിക്ക് ലഭിച്ചതെങ്കിലും എന്‍റെ ഈ കത്ത് അങ്ങയുടെ സൗകര്യാര്‍ത്ഥം അങ്ങയുടെ ഭവനത്തില്‍ എത്തിച്ച് നല്‍കുന്നു.