കൊച്ചി വിമാനത്താവളത്തിൽ സ്വർണം, കറൻസി കടത്തുകാർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണം, കറൻസി കടത്തുകാർ പിടിയിൽ. രണ്ട് കേസുകളിലായി 25 ലക്ഷം രൂപയുടെ വിദേശകറൻസിയും അരക്കിലോ സ്വർണം കലർന്ന മിശ്രിതവും കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ടൈഗർ എയർവേസിൽ ക്വാലാലംപൂരിലേക്ക് പോകാനെത്തിയ ദിണ്ഡിഗൽ സ്വദേശി മോഹൻ (56) ആണ് വിദേശ കറൻസിയുമായി ആദ്യം പിടിയിലായത്. ബാഗിനകത്ത് വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറൻസി. 20,000 രൂപയുടെ യുഎസ് ഡോളറാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

ദുബായിൽ നിന്നും എകെ 38 വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ കാസർകോട് സ്വദേശി ഹക്കീം ഹംസയിൽ നിന്നാണ് ദ്രാവകരൂപത്തിലുള്ള സ്വർണം പിടികൂടിയത്. 490 ഗ്രാം സ്വർണം ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കുഴൽപ്പണം, കള്ളക്കടത്ത് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.