ദുബായിൽ അങ്കമാലി കല്യാണത്തലേന്ന്

അങ്കമാലി: അങ്കമാലിക്കാരുടെ കല്യാണത്തലേന്ന് ആഘോഷിച്ച് പ്രവാസികൾ. അങ്കമാലി പ്രദേശത്തെ കല്യാണത്തലേന്നിന്‍റെ ചടങ്ങുകളും വിഭവങ്ങളും ഒരുക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. നാടൻ പാചകം മുതൽ വെടിക്കെട്ടു വരെ ഉണ്ടായിരുന്നു ആഘോഷത്തിൽ. ദുബായിലെ ഒരു ഫാം ഹൗസിലായിരുന്നു അങ്കമാലിക്കാരുടെ ഒത്തു ചേരൽ.

രാവിലെ 8 മണിയോടെ അങ്കമാലിക്കാർ എത്തി നാട്ടിലെ കല്യാണവീട്ടിലേതു പോലെ പാചകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. എല്ലാവരും ഒരുമിച്ച് വിഭവങ്ങൾ ഒരുക്കി. ബീഫ് നുറുക്കിയതും തേങ്ങ പിഴിഞ്ഞതും തനതു അങ്കമാലി രീതിയിൽ. പരിപാടിയുടെ പ്രധാന ആകർഷണം അങ്കമാലി സ്പെഷ്യൽ മാങ്ങാക്കറി പാചകം തന്നെ. തേങ്ങ പിഴിയുന്നതു മുതൽ അവസാന ആവി വരുന്ന വരെ ആവേശം വാനോളം. എല്ലാവരും വട്ടത്തിലിരുന്നു തേങ്ങ ചുരണ്ടി. തേങ്ങപ്പാലെടുക്കാനും നാട്ടിലെ ആവേശം. വൈകുന്നേരത്തോടെ ബീഫും കായയും റെഡി. കോഴി ഇറച്ചികൊണ്ട് ഉണ്ടാക്കുന്ന അങ്കമാലിയിൽ നട്ടും ബോൾട്ടും എന്നറിയപ്പെടുന്ന തലേന്നുള്ള കറി വരെ തയ്യാറാക്കി. പിന്നെ ചൂടൻ ചോറിൽ മാങ്ങാക്കറി കൂട്ടി അത്താഴം.

പ്രവാസി ദമ്പതികൾ പ്രതീകാത്മകമായി കല്യാണ ചെറുക്കനും പെണ്ണുമായി എത്തി. ചെറുക്കനെയും പെണ്ണിനെയും പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. പിന്നെ മധുരം വയ്പ്. എല്ലാരും കൂടി തയ്യാറാക്കിയ വിഭവങ്ങളും ചേർത്ത് ഉഗ്രൻ അത്താഴൂട്ട്. വനിതകളുടെ നേതൃത്വത്തിൽ മാർഗം കളിയും പാരമ്പര്യ രീതിയിൽ തന്നെ. കലാകായിക മത്സരങ്ങളും നാടൻ കലാസന്ധ്യയും പരിപാടിക്ക് കൊഴുപ്പേകി. കബടിയും നാടൻപാട്ടും വെടിക്കെട്ടും നടത്തിയാണ് അങ്കമാലിക്കാർ ഗൾഫിൽ കല്യാണത്തലേന്ന് പുനരാവിഷ്കരിച്ചത്. ദുബായിലെ ഫാം ഹൗസിൽ പരിപാടിക്കെത്തിയത് നാനൂറോളം അങ്കമാലിക്കാരാണ്. പത്തുമണിയോടെ ആഘോഷങ്ങൾ സമാപിച്ചു.