കാറിൽ കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടികൂടി

നെടുമ്പാശേരി : നെടുമ്പാശേരി പോസ്റ്റ് ഓഫീസിനു സമീപത്തു നിന്നും എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത് . പിടികൂടിയ ടാക്സി കാറിന്‍റെ ഡ്രൈവറായ പാലക്കാട് അഗളി കാരറ ദേശത്ത് പൊട്ടക്കൽ വീട്ടിൽ ഷിബിനാണ് കഞ്ചാവ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചതിന് അറസ്റ്റിലായത്.

കെ.എൽ – 54- ജെ – 645 എന്ന രജിസ്ട്രേഷൻ നമ്പരോടു കൂടിയ ടൊയോട്ട എറ്റിയോസ് ടാക്സി കാറാണ് കഞ്ചാവ് കടത്തുന്നതിനായി പ്രതി ഉപയോഗിച്ചത്. ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് ആഡംബര കാറുകളുടെ ബോണറ്റിനുള്ളിൽ സൂക്ഷിച്ചാണ് സാധാരണ നിലയിൽ കഞ്ചാവ് കടത്താറുള്ളതെന്നാണ് പിടിയിലായ പ്രതി ഷിബിൻ എക്സൈസിന് നൽകിയ പ്രാഥമിക മൊഴിയിൽ പറഞ്ഞിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നും അഗളി, അട്ടപ്പാടി എന്നിവിടങ്ങളിൽ എത്തിച്ചശേഷം എറണാകുളത്തും മറ്റും ആവശ്യക്കാർക്ക് ആഡംബര കാറുകളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഷിബിൻ.

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.സുധീർ, എക്സൈസ് ഇൻസ്പെക്ടർ സുജിത്, പ്രിവന്‍റീവ് ഓഫീസർമാരായ ഹാരിസ്, സലീം യൂസഫ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ് കുമാർ, സിദ്ധാർത്ഥ്, അനൂപ്, പ്രദീപ് കുമാർ ഡ്രൈവർ അഫ്സൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.