ആസ്വാദക മനം നിറച്ച് കണ്ണകിയുടെ പുനരാവിഷ്‌കാരം

കാലടി:ആസ്വാദക മനം നിറച്ച് മൂന്ന് നൃത്ത അദ്ധ്യാപികമാർ കണ്ണകിയുടെ പുനരാവിഷ്‌കാരം നിർവഹിച്ചത് നിറഞ്ഞ കൈയ്യടിയോടെ കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിങ്ങി നിറഞ്ഞവർ സ്വീകരിച്ചു. ക്ഷേത്ര ഉത്‌സവത്തോടനുബന്ധിച്ച് പ്രത്യേകം ചിട്ടപ്പെടുത്തിയ അഞ്ച് നൃത്താവിഷ്‌കാരങ്ങളും 145 കലാകാരികൾ പങ്കെടുത്ത നൃത്ത പരിപാടിയും അരങ്ങേറി.വി.പി.മീനാക്ഷി,ശ്രീക്കുട്ടി മുരളി,അഞ്ജന പി.സത്യൻ എന്നിവരാണ് കണ്ണകിയെ വേദിയിൽ എത്തിച്ചത്.

പ്രശസ്ത തമിഴ് കവിയായ ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം എന്ന കാവ്യത്തിലെ നായികയാണ് കണ്ണകി. ദാരിദ്ര്യം അകറ്റുവാനായി കോവലൻ എന്ന വ്യാപാരി തന്റെ പത്‌നിയായ കണ്ണകിയുടെ ചിലങ്ക വിൽക്കുവാനായി മധുരാപുരി വാണിരുന്ന രാജാവിന്റെ മുൻപിൽ എത്തുന്നു. ആ സമയത്ത് രാജ്ഞിയുടെ ചിലങ്ക നഷ്ടപ്പെട്ടിരുന്നു.കോവലനാണ് അത് മോഷ്ടിച്ചത് എന്ന് തെറ്റിദ്ധരിച്ച രാജാവ് കോവലന്റ ശിരഛേദം ചെയ്തു.ദു:ഖവും കോപവും ആവേശിച്ച കണ്ണകി തന്റെ ചിലങ്കയിലെ ചുവന്ന രത്‌നങ്ങൾ കാണിച്ച് സത്യം വ്യക്തമാക്കി.

അപമാനിതനായ രാജാവ് ആത്മാഹുദി ചെയ്തു. അധർമ്മം വാഴുന്ന മധുര രാജധാനിയിൽ കണ്ണകി തന്റെ ചിലങ്ക ആഞ്ഞെറിഞ്ഞു.മധുര കത്തി എരിഞ്ഞു ചാമ്പലായി. രൗദ്ര രൂപിണിയായ കണ്ണകിയുടെ മുൻപിൽ മധുര മീനാക്ഷി ദേവി പ്രത്യക്ഷയായി.ശാന്തയായ കണ്ണകി മോക്ഷം പ്രാപിച്ചു എന്ന് പറഞ്ഞ് കവി കഥ അവസാനിപ്പിക്കുന്നു.അധർമ്മത്തിനെതിരായി ശക്തിയുടെ പ്രഭാവത്തെ ആവാഹിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ്  അരങ്ങിലെത്തുന്ന നർത്തകി.

കണ്ണകിയുടെ നൃത്തരൂപത്തിന് കവിത രചിച്ചത് രാജീവ് ആലുങ്കലാണ്.ശങ്കരശ്രീഗിരി…. എന്ന ഇനം അമൃത സുരേഷും, ചലിയേ കുഞ്ചനുമോ…. എന്ന ഇനം  വി.ആർ.അക്ഷരയും സ്വാഗതം കൃഷ്ണ.. എന്ന ഇനം അതുല്യ ഷാജിയും രാധാ സമേതാ കൃഷ്ണ…എന്ന ഇനം ജെസ്‌നി വർഗ്ഗീസും അവതരിപ്പിച്ചു.സുധാ പീതാംബരൻ നൃത്തസംവിധാനവും നട്ടുവാങ്കവും, ശ്രീകുമാർ ഊരകം, രാജലക്ഷ്മി അശോകൻ (വോക്കൽ) ആർ.എൽ.വി. വേണു കുറുമശ്ശേരി, ബാബു പളളുരുത്തി (മൃദംഗം) എം.എസ്.ഉണ്ണിൃഷ്ണൻ(പുല്ലാങ്കുഴൽ) ഇടപ്പളളി എ അനിൽകുമാർ, ബാബുരാജ് പെരുമ്പാവൂർ (വയലിൻ)എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

പ്രത്യേകം ചിട്ടപ്പെടുത്തിയ ഇനത്തിന്റെ നൃത്തസംവിധാനം ഡോ.സി.പി.ഉണ്ണികൃഷ്ണനും സംഗീത ഏകോപനം എം.എസ്.ഉണ്ണികൃഷ്ണനും ഏകോപനം പ്രൊഫ. പി.വി.പീതാംബരനും നിർവഹിച്ചു.28 കലാകാരന്മാർ മേക്കപ്പിനു നേതൃത്വം നല്കി.