കൗതുകമായി പഞ്ചമുഖ രുദ്രാക്ഷമരം പൂത്തു

കാഞ്ഞൂർ: രുദ്രാക്ഷമരം പൂത്തത് നാട്ടുകാർക്ക് കൗതു കമായി. കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം വല്ലംകടവ്  തറനിലം സുബ്രഹ്മണ്യന്‍റെ വീടിനോട് ചേർന്ന 20 വർഷം പ്രായമായ രുദ്രാക്ഷം നിറയെ കായ്കളുമായി നിൽക്കുന്നതാണ് കൗതുകമാകുന്നത്. അപൂർവമായ കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്. പഴുത്ത കായകൾ താഴെ വീണ് കിടക്കുന്നതും ഒരു കാഴ്ചയാണ്. രാത്രി കാലങ്ങളിൽ പഴം തിന്നാൻ ധാരാളം വവ്വാലുകൾ എത്തുന്നുണ്ട്.

പാറപ്പുറം വെട്ടിങ്ങാക്കാവ് ക്ഷേത്രത്തിന്‍റെ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ രുദ്രക്ഷത്തിന്‍റെ രണ്ടു തൈകൾ കൊണ്ടു് വന്നത് ഒന്ന് ക്ഷേത്രവളപ്പിലും, ഒന്ന് വീട്ടുവളപ്പിലും നട്ടു. എന്നാൽ ക്ഷേത്രവളപ്പിലേത് ഉണങ്ങിപ്പോയി. ചെടി വളർന്നെങ്കിലും പൂക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. രുദ്രാക്ഷക്കായക്കാവശ്യമായി ആളുകൾ എത്താറുണ്ടെന്ന് വീട്ടുകാർ പറയുന്നു. പഴുത്ത് വീഴുന്ന പഴം വെള്ളത്തിലിട്ട് ദിവസങ്ങളോളം കഴിഞ്ഞ് അലിയിച്ച് കഴുകി വൃത്തിയാക്കി എണ്ണയിട്ടാണ് രുദ്രാക്ഷക്കായയായി മാറ്റുന്നത്. 10 മുതൽ 15 കിലോ വരെ കായകൾ കിട്ടുമെന്ന് പറയുന്നത്. 5 മുഖമുള്ള കയകളായതുകൊണ്ട് ആവശ്യക്കാരേറെയുണ്ട്. സ്കൂൾ വിട്ടുവന്നാൽ കുട്ടികളാണ് കായകൾ ശേഖരിക്കുന്നത്.