റവന്യൂ പുറമ്പോക്കിൽ നിന്ന രണ്ട് തേക്ക് മരം അനുമതിയില്ലാതെ മുറിച്ച് മാറ്റിയതായി പരാതി

കാലടി: കാലടി പഞ്ചായത്തിലെ 9-ാം വാർഡിൽ മേക്കാലടി, പനയാലിയിലെ റവന്യൂ പുറമ്പോക്കിൽ നിന്ന രണ്ട് തേക്ക് മരം അനുമതിയില്ലാതെ മുറിച്ച് മാറ്റിയതായി പരാതി.വനം വകുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.രണ്ടര സെന്റ് റവന്യൂ ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റിവ് പദ്ധതി പ്രകാരം പകൽ വീട് നിർമിക്കുന്നതിന് കരാർ നൽകിയിരുന്നു.എന്നാൽ കെട്ടിടത്തിനോ മറ്റ് കാര്യങ്ങൾക്കോ തടസമില്ലാതെ നിന്ന തേക്ക് മരങ്ങൾ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മുറിച്ച് മാറ്റിയത്.

മുപ്പത് വർഷത്തെ വളർച്ചയുള്ള തടികൾ മാർക്കറ്റിൽ 2 ലക്ഷത്തോളം വില വരും. ഇത് പഞ്ചായത്തിൽ ലേലത്തിന് വയ്ക്കാനാണ് മുറിച്ചതെന്ന വാദം നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.പൊതുമരാമത്തിന്റെ കീഴിലുള്ള അങ്കമാലി പൊതുമരാമത്ത് ഓഫിസിൽ നിന്നുള്ള അനുമതിയോ വില്ലേജ്, സോഷ്യൽ ഫോറസ്റ്റ് അധികൃതരുടെ മേൽ നടപടികളോ ഇക്കാര്യത്തിൽ കരാറുകാരൻ എടുക്കാതെയാണ് പ്രത്യേക പരിഗണന ലഭിക്കുന്ന തേക്ക് മരങ്ങൾ മുറിച്ചതെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആരോപിച്ചു.