ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ ആലുവ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

ആലുവ:എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ ആലുവ ബ്രാഞ്ച് ഓഫീസ് മന്ദിരം മന്ത്രി ഏ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെയർ കേരള പദ്ധതിയിലേക്ക് സഹകരണ മേഖല രണ്ടായിരം വീടുകൾ കൂടി പണിത് നൽകുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിലവിൽ നിർമിച്ചു കൊണ്ടിരിക്കുന്ന രണ്ടായിരം വീടുകൾക്ക് പുറമെയാണിത്. സ്ട്രോംഗ് റൂമിന്റെയും ലോക്കറിന്റെയും ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ .ഏ യും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എസ്.പി. രാഹുൽ. ആർ. നായർ ഐ.പി.എസും നിർവ്വഹിച്ചു.

സംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ അധ്യക്ഷനായി. നഗരസഭ ചെയർ പേഴ്സൻ ലിസി എബ്രഹാം, സംഘം സ്ഥാപക പ്രസിഡന്റ് എൻ.ബി ലെനിൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെകട്ടറി സി.ആർ. ബിജു, പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, നഗരസഭാ കൗൺസിലർ ഷൈജി ടീച്ചർ സംഘം വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, ഡയറക്ടർ ജെ. ഷാജിമോൻ, സെക്രട്ടറി എം.കെ. രേണുകാ ചക്രവർത്തി തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത മക്കന എന്ന സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ച പോലിസുദ്യോഗസ്ഥാനായ റഹിം ഖാദറിനെ ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ശീതീകരിച്ച ബാങ്കിംഗ് ഹാൾ, സ്ട്രോംഗ് റൂം, സേഫ് ഡെപ്പോസിറ്റ് ലോക്കർ , കോൺഫ്രൻസ് ഹാൾ, ഓഡിറ്റോറിയം, എന്നിവ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്.