കാഞ്ഞൂർ തിരുനാൾ ഒരുക്കങ്ങൾ വില‍യിരുത്തി

കാലടി: കാഞ്ഞൂർ പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്‍റെ തിരുനാൾ ഒരുക്കങ്ങൾ വിലയിരുത്തി. ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ അധ്യക്ഷതയിൽ പള്ളിയിൽകൂടിയ യോഗമാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്. തിരുന്നാളിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും കാനകളുടെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. തിരുന്നാൾ‌ ദിവസങ്ങളിൽ വൈദ്യുതി തടസ്സം ഇല്ലാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

വ്യാപാരസ്ഥാപനങ്ങളിൽ സിവിൽ സപ്ലൈസ് നിർദേശങ്ങൾ നൽകി.‌ അമിത വില ഈടാക്കരുതെന്ന് കച്ചവടക്കാരോട് നിർദേശിച്ചു.വാട്ടർ അഥോറിറ്റിയുംമുഴുവൻ സമയ സേവനം നൽകും. ജല വിതരണം മുടങ്ങാതിരിക്കാൻ നടപടി പൂർത്തിയാക്കി. ആലുവ, പെരുമ്പാവൂർ, അങ്കമാലി ഭാഗത്തേക്ക് കെഎസ്ആർടിസി 20 മിനിറ്റ് ഇടവേളകളിൽ ബസ് സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് ആവശ്യമായി പെർമിറ്റ് നൽകാനുള്ള നടപടികൾ സ്വീകരിക്കും.

എല്ലാ ദിവസങ്ങളിലും എക്സൈസിന്‍റെ പട്രോളിങ് ഉണ്ടാകും. ഏതു സമയത്തും സേവന സജ്ജരായി ഫയർഫോഴിസ് തയ്യാറായിരിക്കും.പൊലിസിന്‍റെ സേവനം മുൻവർഷങ്ങളിലേതുപോലെ ഉണ്ടാകും. പാല‌ങ്ങളിൽ പൊലീസിന്‍റെ സേവനം ഉറപ്പാക്കും. വെടിക്കെട്ട് ഗ്രൗണ്ടിലേക്ക് ബാഡ്ജി ഇല്ലാത്തവരെ അനുവദിക്കില്ല. സുരക്ഷ കർശനമാക്കും. തിരുന്നാൾ പ്രമാണിച്ച് ആരോഗ്യവകുപ്പം മുൻകരുതൽ എടുക്കും. പൂർണമായും ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കും. പ്രോട്ടോക്കോൾ ചീഫ് കൺസൾട്ടന്‍റായി ജോസ് ജോസഫ് മൂഞ്ഞേലിയെ ചുമതലപ്പെടുത്തി. 16 ന് ഗ്രീൻപ്രോട്ടോക്കോൾ പ്രഖ്യാപനം കലക്റ്റർ നടത്തും.

യോഗത്തിൽ‌ സബ് കലക്റ്റർ സ്നേഹിൽകുമാർ, വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, തിരുനാൾ കമ്മിറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ പോൾ, ബെസ്റ്റിൻ വർഗീസ്, സി.വി. ജോഷി, ഡേവിസ് വല്ലൂരാൻ, ആന്റു കോട്ടയ്ക്കൽ, അരുൺ പോളച്ചൻ എന്നിവരും ട്രസ്റ്റികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

19 20 തിയതികളിലാണ് തിരുന്നാൾ, 26, 27 തീയതികളിൽ എട്ടാമിടം.