കാലടി സംസ്കൃത സർവകലാശാലയിൽ മൂർഖൻ പാമ്പ്

കാലടി: സംസ്കൃത സർവകലാശാല ക്യാംപസിനകത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാമ്പിനെ പിടികൂടിയത്. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് പാമ്പിനെ ആദ്യം കണ്ടത്.തുടർന്ന് വിദ്യാർഥികളെ വിവരമറിയിക്കുകയായിരുന്നു.

ഏകദേശം ഏഴ് അടിയോളം നീളമുണ്ട് പാമ്പിന്. രാത്രിയിൽ പാമ്പിനെ കണ്ടതിന്‍റെ ഭീതിയിലാണ് വിദ്യാർഥികൾ. ക്യാംപസിൽ പല ഭാഗത്തും പൊന്ത കാടുകൾ വളർന്ന് നിൽക്കുകയാണ്. ഇതിന് സമീപത്ത് കൂടിയാണ് വിദ്യാർഥികളും, സർവകലാശാല ജീവനക്കാരും സഞ്ചരിക്കുന്നത്. വിദ്യാർഥികൾ വിശ്രമിക്കുന്നതും കാടിന് സമീപത്തുതന്നെ .

മുമ്പും ഇവിടെ നിന്ന് പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടതോടെ കൂടുതൽ പാമ്പുകൾ ഉണ്ടാകുമെന്ന ഭയത്തിലാണ് വിദ്യാർഥികളും ജീവനക്കാരും.ക്യാംപസിനകത്തെ കാട് വെട്ടിത്തളിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.