ശ്രീശങ്കര പുരസ്‌ക്കാരം ജി വേണുഗോപാലിനും,കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും

 

കാലടി: ആദിശങ്കര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുളള ശ്രീശങ്കര പുരസ്‌ക്കാരം ഗായകൻ ജി വേണുഗോപാലിനും, സംഗീതസംവിധായകനും ഗാനരചയ്താവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും നൽകും. ജനുവരി 12 ന് നടക്കുന്ന ശ്രീശാരദ വിദ്യാലയത്തിന്റെ 27-ാംമത് വാർഷികാഘോഷം സപര്യ 2019ൽ വച്ച് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും. വൈകീട്ട് 6.30 നാണ് പരിപാടി നടക്കുന്നത്.

ശ്രിംഗേരി ശാരദാപീഠം മഠാധിപതി ശ്രീ ഭാരതി തീർത്ഥ മഹാ സ്വാമിയും നിയുക്ത പിൻഗാമി വിദുശേഖര ഭാരതി സ്വാമിയും അനുഗ്രഹിച്ചു നൽകിയ പുരസ്‌ക്കാരമാണ് നൽകുന്നത്. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് എഡ്യൂക്കേഷൻ ചെയർമാൻ എൻ കെ രാമചന്ദ്രമേനോൻ മുഖ്യാതിഥിയായിരിക്കും. ആദിശങ്കര മാനേജിംങ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷത വഹിക്കും. ആദിശങ്കര ചീഫ് ഓപ്പറേഷൻസ് ഓഫീസർ പ്രൊഫ.സി.പി ജയശങ്കർ, പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ്, പി ടി എ പ്രസിഡന്റ് എം കെ രാജശേഖരൻ, സ്‌കൂൾ ഹെഡ് ബോയ് ആൽബിൻ ആന്റണി, ഹെഡ് ഗേൾ വിഷ്ണുമായ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.

എൽ. കെ. ജി മുതൽ ഹയർസെക്കന്ററി വരെ 1700 കുട്ടികൾ ശ്രീ ശാരദയിൽ പഠിക്കുന്നുണ്ട്. ഓരോ ക്ലാസ്സിനും നാല് ഡിവിഷനുകൾ വരെയുണ്ട്. മൂലാധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയിരിക്കുകയാണ് ഇവിടെ. മികച്ച അദ്ധ്യാപകരുടെ മേൽനോട്ടവും, ഒരു സ്പെഷ്യൽ സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പുതിയ അധ്യായനവർഷം മുതൽ ശ്രീശാരദ ടെമ്പിൽ ഓഫ് ഫൈനാർട്ട്‌സ് കോഴ്‌സ് ആരംഭിക്കും. നൃത്തം, സംഗീതം, ചിത്രകല എന്നിവയാണ് കോഴ്‌സിൽ പഠിപ്പിക്കുന്നത്. സർക്കാർ അംഗീകൃത കോഴ്‌സാണിത്. 6 മാസം, ഒരുവർഷം എന്നിങ്ങനെയാണ് കാലാവധി. ശ്രീശാരദ സ്‌ക്കൂളിലുളളവർക്കും മറ്റ് കുട്ടികൾക്കും കോഴ്‌സിന് ചേരാവുന്നതാണ്. വൈകുന്നേരങ്ങളിലും, ഒഴിവ് ദിവസങ്ങളിലുമാണ് ക്ലാസ് നടക്കുന്നത്.