അമ്മിണി കൊലക്കേസിലെ പ്രതിയെ വെറുതെ വിട്ടു

നെടുമ്പാശേരി: മൂന്ന് വർഷം മുൻപ് നടന്ന ചെങ്ങമനാട് അമ്മിണി കൊലക്കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. നെടുമ്പാശേരി മേയ്ക്കാട് കൊങ്ങോത്തറ ഭാഗം നമ്പിളിക്കൂട്ടം വീട്ടിൽ അജു കുഞ്ഞുമോനെയാണ് (21) പറവൂർ സെഷൻസ് കോടതി വെറുതെ വിട്ടത്. വഴിത്തർക്കത്തിന്‍റെ പേരിൽ അയൽക്കാരിയായ മേയ്ക്കാട് പനങ്ങാപത്ത് വീട്ടിൽ അമ്മിണി (65) 2015 ഏപ്രിൽ 19ന് രാത്രിയാണ് കുത്തേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലിയിലെ ഒരു സ്വകാര്യ കോളജിലെ ബി.കോം വിദ്യാർത്ഥിയായിരുന്ന അജുവിനെ ചെങ്ങമനാട് പൊലീസ് അന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട അജു മേയ്ക്കാടുളള വല്യമ്മയുടെ സംരക്ഷണയിലായിരുന്നു. വല്യമ്മയും അയൽവാസി അമ്മിണിയും തമ്മിൽ ഏറെക്കാലമായി വഴി തർക്കമുണ്ടായിരുന്നു. ഇതിനിടെ പ്രകോപിതനായ അജു കത്തിയെടുത്ത് അമ്മിണിയെ കുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ഫോറൻസിക് വിദഗ്ധരും 21 സാക്ഷികളും ഹാജരായി. പ്രതിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. മനോജ് വാസു, അഡ്വ. ദീപ എന്നിവർ ഹാജരായി.